
മൂന്നാര്‍: ഇത്തവണത്തെ സംസ്ഥാന ബഡ്ജറ്റ് മൂന്നാറിലെ ചലച്ചിത്രാസ്വാദകര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്.സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ മൂന്നാറില്‍ തീയേറ്റര്‍ നിര്‍മ്മാണത്തിനായി 3 കോടി രൂപ അനുവദിച്ചു. മൂന്നാറിനൊപ്പം കണ്ണൂരിലെ പാലയാടും മറ്റൊരു തീയേറ്റര്‍ നിര്‍മ്മിക്കും. ഏതാനും വര്‍ഷങ്ങള്‍ക്കപ്പുറമായിരുന്നു തെക്കിന്റെ കാശ്മീരായ മൂന്നാറില്‍ അവസാനമായി സിനിമ പ്രദര്‍ശനം നടന്നത്. പഴയ മൂന്നാറില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന സ്വകാര്യ തീയേറ്ററിന് പൂട്ടു വീണതോടെ മൂന്നാറുകാരുടെ തീയേറ്ററില്‍ സിനിമ കാണുകയെന്ന മോഹത്തിനും വിരാമമായി.ഒന്നര പതിറ്റാണ്ടിലധികം പിന്നിട്ടിട്ടും പുതിയൊരു തീയേറ്റര്‍ പിന്നീട് മൂന്നാറില്‍ തുറക്കാത്തത് പ്രദേശവാസികളെയെന്ന പോലെ സഞ്ചാരികളേയും നിരാശയിലാഴ്ത്തുന്നുണ്ട്.എന്നാല്‍ ഇത്തവണത്തെ സംസ്ഥാന ബഡ്ജറ്റ് മൂന്നാറിലെ ചലച്ചിത്രാസ്വാദകര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. സ്വകാര്യ സംരംഭകരില്ലെങ്കില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലെങ്കിലും മൂന്നാറിലൊരു തീയേറ്റര്‍ നിര്‍മ്മിക്കണമെന്നായിരുന്നു മൂന്നാറിലെ സിനിമാ പ്രേമികളുടെ ആവശ്യം. നിലവില്‍ മൂന്നാറിലെ ചലച്ചിത്രാസ്വാദകര്‍ മറയൂര്‍, തേനി, ഉദുമല്‍പ്പേട്ട, അടിമാലി തുടങ്ങിയ ഇടങ്ങളിലെ തീയേറ്ററുകളെയാണ് ആശ്രയിക്കുന്നത്. അത്യാധുനിക സാങ്കേതിക വിദ്യകള്‍ സംയോജിപ്പിച്ച് മൂന്നാറില്‍ കുറ്റമറ്റൊരു തീയേറ്റര്‍ നിര്‍മ്മിച്ചാല്‍ അത് മൂന്നാറിന്റെ വിനോദ സഞ്ചാരമേഖലക്കും പുത്തന്‍ ഉണര്‍വ്വാകും.