
മൂന്നാര്‍: മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് പുറം കാഴ്ച്ചകള്‍ കണ്ട് യാത്ര ചെയ്യാന്‍ തയ്യാറാക്കിയിട്ടുള്ള റോയല്‍ വ്യൂ ഡബിള്‍ ഡക്കര്‍ ബസ് മൂന്നാറില്‍ സര്‍വ്വീസാരംഭിച്ചു. ബസിനുള്ളില്‍ ഇരുന്ന് പുറത്തെ കാഴ്ച്ചകള്‍ കൂടുതല്‍ വിശാലമായി കാണാമെന്നതാണ് ഈ ബസിന്റെ പ്രത്യേകത. മുകള്‍വശത്തും ഇരുവശങ്ങളിലും ഗ്ലാസ് പാനലുകളാണ് നിര്‍മ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്.മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ ബസ് സര്‍വ്വീസിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.അഡ്വ. എ രാജ എം എല്‍ എ അധ്യക്ഷത വഹിച്ചു.ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിഷ ദിലീപ്, കെ എസ് ആര്‍ ടി സി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.മൂന്നാര്‍ മുതല്‍ ആനയിറങ്കല്‍ അണക്കെട്ട് വരെ ഗ്യാപ്പ് റോഡിലൂടെ ഡബിള്‍ ഡക്കര്‍ ബസ് ദിവസവും സര്‍വ്വീസ് നടത്തും. പകല്‍ സമയത്ത് മാത്രമാണ് ബസ് സര്‍വ്വീസുണ്ടാകുക. ബസിന്റെ മുകള്‍ നിലയിലും താഴത്തെ നിലയിലും നിരക്കില്‍ വ്യത്യാസമുണ്ടാകും.കുടിവെള്ളമുള്‍പ്പെടെ ബസില്‍ ക്രമീകരിച്ചിട്ടുണ്ട്. റോയല്‍ വ്യൂ ഡബിള്‍ ഡക്കര്‍ ബസ് സര്‍വീസ് മൂന്നാറിന്റെ ടൂറിസത്തിന് മുതല്‍ക്കൂട്ടാവുമെന്നാണ് പ്രതീക്ഷ.മൂന്നാറിലേക്ക് നിലവില്‍ കെ എസ് ആര്‍ ടി സി നടത്തുന്ന ഉല്ലാസ യാത്ര സര്‍വ്വീസുകളും സൈറ്റ് സീന്‍ സര്‍വ്വീസുകളും മികച്ച ജനപിന്തുണ നേടി മുമ്പോട്ട് പോകുന്നുണ്ട്.ഇതിനൊപ്പമാണ് റോയല്‍ വ്യൂ ഡബിള്‍ ഡക്കര്‍ ബസും മൂന്നാറില്‍ എത്തിച്ചിട്ടുള്ളത്.