
അടിമാലി: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന് നടപ്പാക്കുന്ന പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജനയുടെ ഭാഗമായുള്ള നിര്‍ത്തടയാത്രയുടെ ഉദ്ഘാടനം അടിമാലിയില്‍ നടന്നു.മണ്ണിന്റെയും ജല ജൈവ വൈവിധ്യങ്ങളുടെയും പരിപാലനവും സംരക്ഷണവും ലക്ഷ്യമാക്കിയാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന് പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന പദ്ധതി നടപ്പാക്കുന്നത്. 2022 മുതല്‍ അടിമാലി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലും പദ്ധതി നടപ്പിലാക്കുന്നുണ്ട്. പരമ്പരാഗത ജല ശ്രോതസ്സുകളുടെയും കൃഷി ഭൂമിയുടെയും ജൈവ സമ്പത്തിന്റെയും സംരക്ഷണം പദ്ധതിയിലൂടെ നടപ്പിലാക്കുന്നു. ഈ പദ്ധതിയുടെ ഭാഗമായി ജലം സമൃദ്ധി കൊണ്ടുവരുന്നുവെന്ന സന്ദേശത്തോടെ ആരംഭിച്ച നീര്‍ത്തടയാത്രയുടെ ഉദ്ഘാടനമാണ് അടിമാലിയില്‍ നടന്നത്. പഞ്ചായത്ത് ടൗണ്‍ഹാളില്‍ നടന്ന സമ്മേളനം അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമന്‍ ചെല്ലപ്പന്‍ ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടന ചടങ്ങില്‍ അടിമാലി പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനില്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റി ബേബി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം, മറ്റ് ത്രിതല പഞ്ചായത്തംഗങ്ങള്‍, വിവിധ ഉദ്യോഗസ്ഥ പ്രതിനിധികള്‍, നീര്‍ത്തട കമ്മിറ്റിയംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.ചടങ്ങില്‍ സബ്‌സീഡി വിതരണോദ്ഘാടനവും അവാര്‍ഡ് വിതരണവും പദ്ധതി അനുഭവം പങ്കിടലും നടന്നു.രണ്ട് ദിവസങ്ങളിലായി വിപുലമായ പരിപാടികളാണ് നീര്‍ത്തടയാത്രയുടെ ഭാഗമായി ക്രമീകരിച്ചിട്ടുള്ളത്.