
അടിമാലി: മാങ്കുളം റേഷന്‍കട സിറ്റിയില്‍ പ്രവര്‍ത്തിച്ച് വന്നിരുന്ന തയ്യല്‍ക്കട കത്തി നശിച്ചു. എട്ടാനിയില്‍ ജോസിന്റെ ഉടമസ്ഥയിലുള്ള കടയാണ് കത്തി നശിച്ചത്. വ്യാഴാഴിച്ച രാത്രി എട്ടേമുക്കാലോടെയാണ് തീ പിടുത്തം ഉണ്ടായത്. തയ്യല്ജോലികള്ക്ക് ശേഷം എട്ടുമണിയോടെ ജോസ് കട അടച്ച് വീട്ടിലേക്ക് പോയിരുന്നു. ഇതിന് ശേഷമാണ് തീ പിടുത്തം ഉണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീ പിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീ പിടുത്തത്തെ തുടര്‍ന്ന് നാല് തയ്യല്‍ മെഷ്യനുകളും ബാറ്ററിയും ഇന്‍വെട്ടറും തയ്യല്‍ ജോലികള്‍ക്കായി എത്തിച്ചിരുന്ന തുണികളും തയ്യല്‍ ജോലികള്‍ പൂര്‍ത്തീകരിച്ച് വച്ചിരുന്ന തുണികളും കത്തി നശിച്ചു.
ഷീറ്റ് മേഞ്ഞിരുന്ന കടയുടെ മേല്‍ക്കൂരയടക്കം തീ പിടുത്തത്തില്‍ നശിച്ചു. രാത്രിയില്‍ റോഡിലൂടെ എത്തിയ വാഹനയാത്രികരാണ് കടക്കുള്ളില്‍ തീ പിടിച്ച വിവരം തിരിച്ചറിഞ്ഞത്. തുടര്‍ന്നിവര്‍ ബഹളം വച്ചതോടെ പ്രദേശവാസികള്‍ ഓടിയെത്തുകയും തീ അണക്കാന്‍ ശ്രമം ആരംഭിക്കുകയും ചെയ്തു. ശ്രമകരമായി തീ അണച്ചെങ്കിലും കടക്കുള്ളിലെ സാധന സാമഗ്രികള്‍ കത്തിചാമ്പലായി. തയ്യല്‍ക്കടയോട് ചേര്‍ന്ന് വേറെയും വ്യാപാരസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഇവയിലേക്ക് തീ പടരാതിരുന്നത് വലിയ അപകടം ഒഴിവാക്കി.