
മറയൂര്‍: വേനല്‍ കനത്തതോടെ മൂന്നാര്‍, മറയൂര്‍ മേഖലകളില്‍ റോഡില്‍ കാട്ടാനകളുടെ സാന്നിധ്യം വര്‍ധിക്കുകയാണ്. മൂന്നാര്‍ ഉദുമല്‍പേട്ട അന്തര്‍സംസ്ഥാന പാതയിലാണ് കാട്ടാനകളുടെ സാന്നിധ്യം കൂടുതലായി ഉള്ളത്. അന്തര്‍ സംസ്ഥാന പാതയുടെ ഭാഗമായ മറയൂര്‍ ചിന്നാര്‍ റോഡില്‍ വിരികൊമ്പനെന്ന് വിളിപ്പേരുള്ള കാട്ടാനയിറങ്ങി ഭീതി പരത്തി.
റോഡിലൂടെയെത്തിയ കെ എസ് ആര്‍ ടി സി ബസിന് മുമ്പില്‍ കാട്ടാന യാത്രാ തടസ്സം തീര്‍ത്തു.തിരുവനന്തപുരം പഴനി സര്‍വ്വീസ് നടത്തുന്ന ബസിന് മുമ്പിലായിരുന്നു ഇന്ന് രാവിലെ ആന നിലയുറപ്പിച്ചത്. ബസിന് നേരെ നടന്നടുത്ത കാട്ടാന പിന്നീട് വനത്തിലേക്ക് പിന്‍വാങ്ങി.റോഡില്‍ നിലയുറപ്പിച്ചെങ്കിലും കാട്ടാന മറ്റ് പരാക്രമങ്ങള്‍ക്ക് മുതിരാതിരുന്നത് ആശ്വാസമായി. അന്തര്‍ സംസ്ഥാന പാത കടന്നു പോകുന്ന മൂന്നാര്‍ മേഖലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കാട്ടുകൊമ്പന്‍ പടയപ്പയും ഗതാഗത തടസ്സം തീര്‍ത്തിരുന്നു.