
മൂന്നാര്‍: മൂന്നാറില്‍ കാട്ടുകൊമ്പന് പടയപ്പയുടെ ആക്രമണം തുടരുന്നു. കഴിഞ്ഞ രാത്രിയിലും റോഡിലിറങ്ങിയ പടയപ്പ ആക്രമണം നടത്തി. മൂന്നാര്‍ ദേവികുളം റോഡിലെ സിഗ്നല്‍ പോയിന്റിന് സമീപം നെറ്റികുടി റോഡില്‍ വച്ചാണ് കാട്ടു കൊമ്പന് ഗ്യാസ് കുറ്റികളുമായി വന്ന വാഹനം ആക്രമിച്ചത്. ആനയുടെ ആക്രമണത്തില്നെറ്റികുടിയില് നിന്നും മൂന്നാറിലേക്ക് വന്ന വണ്ടിയുടെ മുന്‍വശത്തെ ചില്ല് തകര്‍ന്നു.
ചില്ല് തകര്‍ത്ത കാട്ടാന കൂടുതല്‍ പരാക്രമത്തിന് മുതിരാതെ പിന്നീട് കാട്ടിലേക്ക് പിന്‍വാങ്ങി. മദപ്പാടിലുള്ള പടയപ്പ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്ഥിരമായി ജനവാസ മേഖലയില്‍ ഇറങ്ങി നാശം വരുത്തുന്ന സ്ഥിതിയുണ്ട്. ഇന്നലെ ഗ്രഹാംസ്ലാന്റ് മേഖലയില്‍ ഇറങ്ങി പടയപ്പ വഴിയോരക്കട തകര്‍ത്തിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പടയപ്പ നടത്തിയ പരാക്രമത്തില്‍ ആകെ 3 പേര്‍ക്ക് പരിക്ക് സംഭവിച്ചു. പടയപ്പ മദപ്പാടിലായതിനാല്‍ വനം വകുപ്പും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.