മൂന്നാറില്‍ കെ എസ് ആര്‍ ടി സി ഡബിള്‍ ഡക്കര്‍ ബസിന്റെ മുന്‍ ഭാഗത്തെ ചില്ല തകര്‍ന്നു

മൂന്നാർ: മൂന്നാറില്‍ കെ എസ് ആര്‍ ടി സി ഡബിള്‍ ഡക്കര്‍ ബസിന്റെ മുന്‍ ഭാഗത്തെ ചില്ല തകര്‍ന്നു. മൂന്നാര്‍ മുതല്‍ ആനയിറങ്കല്‍ വരെ വിനോദ സഞ്ചാരികളുമായി സര്‍വ്വീസ് നടത്താന്‍ എത്തിച്ച ഡബിള്‍ ഡക്കര്‍ ബസിന്റെ സര്‍വ്വീസ് ഇതിനോടകം വലിയ സ്വീകാര്യത നേടിയിട്ടുണ്ട്. സഞ്ചാരികളുടെ മികച്ച പ്രതികരണവുമായി ബസ് സര്‍വ്വീസ് നടന്നു വരുന്നുണ്ട്. ഇതിനിടെയാണ് ബസിന്റെ മുകള്‍ ഡക്കറിന്റെ മുന്‍ ഭാഗത്തെ ചില്ല് പൊട്ടിയ നിലയിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.
ബസ് അറ്റകുറ്റപ്പണികള്‍ക്കായി ഗ്യാരേജില്‍ കയറ്റുന്നതിനിടെ സംഭവിച്ച പാളിച്ചയാണ് ചില്ല് പൊട്ടാന്‍ ഇടയാക്കിയതെന്നാണ് വിവരം.സംഭവത്തെ തുടര്‍ന്ന് ബസിന്റെ ഇന്നത്തെ സര്‍വ്വീസ് നിലച്ചു. യാത്രക്കായി മുമ്പെ ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നവര്‍ക്ക് കെ എസ് ആര്‍ ടി സി തുക മടക്കി നല്‍കി.ബസിന്റെ കേടുപാടുകള്‍ ഇന്ന് പരിഹരിക്കുമെന്നും സംഭവത്തില്‍ ജീവനക്കാരോട് വിശദീകരണം തേടിയതായും ബസുമായി ബന്ധപ്പെട്ട ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബസിനുള്ളിലെ അലങ്കാര ലൈറ്റുകള്‍ തെളിച്ച് ബസ് ഓടിക്കരുതെന്ന ഗതാഗതവകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശം ലംഘിച്ച് കഴിഞ്ഞ ദിവസം ബസ് സര്‍വ്വീസ് നടത്തിയതും വിവാദമായിരുന്നു.വിഷയത്തില്‍ ജീവനക്കാരനെതിരെ താല്‍ക്കാലിക നടപടി സ്വീകരിക്കുകയുമുണ്ടായി. ഇതിന് പിന്നാലെയാണിപ്പോള്‍ ജീവനക്കാരുടെ ഭാഗത്തും നിന്നും മറ്റൊരു പാളിച്ച സംഭവിച്ചിട്ടുള്ളത്.