മൂന്നാറിലെത്തിച്ച കെ എസ് ആര് ടി സി ഡബിള്‍ ഡക്കര്‍ ബസില്‍ യുവാവിന്റെ സാഹസിക യാത്ര

മൂന്നാര്‍: മൂന്നാറിലെത്തിച്ച കെ എസ് ആര് ടി സി ഡബിള്‍ ഡക്കര്‍ ബസില്‍ യുവാവിന്റെ സാഹസിക യാത്ര. ദിവസവും മൂന്നാര്‍ മുതല്‍ ആനയിറങ്കല്‍ ജലാശയം വരെയാണ് വിനോദ സഞ്ചാരികള്‍ക്കായി കെ എസ് ആര് ടി സി ഡബിള്‍ ഡക്കര്‍ ബസ് സര്‍വ്വീസ് നടത്തുന്നത്. ഇത്തരത്തില്‍ സര്‍വ്വീസ് നടക്കവെ ഡക്കര്‍ ബസില്‍ യുവാവ് സാഹസികമായി യാത്ര ചെയ്യുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിട്ടുള്ളത്. ബസിന്റെ മുകള്‍ ഡക്കറിലിരുന്നാണ് യുവാവ് അപകടകരമായി യാത്ര ചെയ്തത്. ഓടുന്ന ബസിന്റെ ജനാല വഴി ശരീരം പാതിയും പുറത്തിട്ടായിരുന്നു യുവാവിന്റെ സാഹസിക യാത്ര.
യുവാവിന്റെ സാഹസികയാത്രയുടെ ദൃശ്യങ്ങള്‍ പാതയോരത്ത് നിന്നവരാരോ പകര്‍ത്തുകയും നവമാധ്യങ്ങളില്‍ പ്രചരിക്കുകയുമായിരുന്നു. മുമ്പ് മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ കാറില്‍ സാഹസിക യാത്ര നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ നിരവധി തവണ പ്രചരിക്കുകയും പോലീസും മോട്ടോര്‍ വാഹനവകുപ്പും നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. ഡബിള്‍ ഡക്കര്‍ ബസ് എത്തുന്നതോടെ ഇത്തരം സാഹസിക യാത്രകള്‍ കുറയുമെന്നാണ് കരുതുന്നതെന്ന് ബസിന്റെ ഉദ്ഘാടന ചടങ്ങിനിടയില്‍ ഗതാഗതവകുപ്പ് മന്ത്രി പരാമര്‍ശിക്കുകയുമുണ്ടായി. എന്നാല്‍ കണക്കുകൂട്ടലുകള്‍ അത്രയും തെറ്റിച്ചാണ് ഡബിള്‍ ഡക്കര്‍ ബസില്‍ തന്നെ യുവാവ് സാഹസികയാത്രക്ക് മുതിര്‍ന്നത്.