
അടിമാലി : അടിമാലി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽപ്പെട്ട ഭാഗമാണ് വേലിയാംപാറ മുതുവാൻകുടി. അടിസ്ഥാന സൗകര്യങ്ങളായ റോഡും പാലവും വിദ്യാഭ്യാസവും ഇവിടെയുള്ളവർക്ക് അന്യമാണ്. ആകെ 15 ഓളം കുടുംബങ്ങൾ മാത്രമാണ് ഇവിടെ താമസം ഉള്ളത്. ഈ കുടിയിലേക്ക് എത്തണമെങ്കിൽ ഒരു നടപ്പാലം കടന്നു വേണം കുടിയിൽ എത്താൻ. എന്നാൽ നടപ്പാലത്തിന്റെ അവസ്ഥ തീർത്തു അപകടകരമാണ്. തെരഞ്ഞെടുപ്പ് സമയങ്ങളിൽ മാത്രം കുടി കയറിവരുന്ന നേതാക്കൻമാരോട് അന്നും ഇന്നും ഒരു കാര്യം മാത്രമാണ് അവിശ്യപ്പെടാനുള്ളത്…. റോഡും….. പാലവും….
ഗതാഗത സൗകര്യം
നിലവിൽ പുറംലോകമായി ബന്ധപ്പെടനുള്ള ഏക ആശ്രയം ഒരു നടപ്പാലം മാത്രമാണ്. കുടിയിലെക്ക് വാഹനം വരണമെങ്കിൽ വേനൽ കാലത്ത് മത്രമേ സാധിക്കുകയുള്ളു. അതും തോട്ടിലുടെ വണ്ടി ഇറക്കി വേണം. മഴക്കാലമായാൽ അതും സാധിക്കുകയില്ല. ആകെയുള്ള നടപ്പാലം കുറച്ചു നാൾ മുൻപ് വശം ഇടിഞ്ഞ് അപകടകരമായ അവസ്ഥയിലാണ്.

രാത്രികാലങ്ങളിൽ ആശുപത്രി അവിശ്യങ്ങൾ വന്നാൽ കസേരയിൽ ഇരുത്തി ചുമന്ന് വേണം പോകാൻ. നിലവിൽ ഗർഭിണികളായവർ ബന്ധുവീടുകിളിൽ താമസിച്ചാണ് ആശുപത്രിയിൽ പോകുന്നത്. ഇത്രയും നാളുകൾക്കിടയിൽ സർക്കാരിന്റെതായി കുടിയിൽ ലഭിച്ചത് 210 മീറ്റർ കോൺക്രീറ്റ് റോഡാണ്. അത് ആകെ 160 മീറ്റർ മാത്രമാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്.
വിദ്യാഭ്യാസം
നിലവിൽ കുടിയിൽ നിന്ന് പഠനത്തിനായി പോകുന്ന കുട്ടികൾ ഹോസ്റ്റലിൽ നിന്ന് വേണം പഠിക്കുവാൻ. റോഡിന്റെയും പാലത്തിന്റെയും അഭാവം മൂലം ദിവസേന പോയി വരാൻ ബുദ്ധിമുട്ടാണ്. കുടിയിലേക്ക് ഗോത്ര സാരഥി വാഹനവും എത്തിച്ചേരാൻ സാധിക്കുന്നില്ല. അതുമാത്രമല്ല കാട്ടാന ശല്യം ഈ ഭാഗങ്ങളിൽ വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ പഠനം ആവശ്യമെങ്കിൽ ഹോസ്റ്റലുകളെ ആശ്രയിക്കണം. തൊട്ടടുത്തുള്ള മാങ്കുളം സ്കൂളിൽ പോയി പഠനം നടത്തിയാലും മഴക്കാലത്ത് കുടിയിൽ നിന്നും പുറത്തു പോകാൻ സാധിക്കുകയില്ല.
വന്യമൃഗങ്ങളുടെ ശല്യം
ഈ മേഖലയിൽ പ്രധാനമായും കാട്ടാന ശല്യം രൂക്ഷമാണ്. കപ്പയും വാഴയും തുടങ്ങി നിരവധി തന്നാണ്ട് കൃഷികൾക്ക് പുറമേ കമുങ്ങും കുരുമുളകും ഏലവും കൃഷി ചെയ്തിരുന്ന സ്ഥലമാണ്. ആന ശല്യം കാരണം ഈ കൃഷികളെല്ലാം നിലച്ചു. ഇപ്പോൾ ആകെയുള്ളത് കുരുമുളകും ഏലവും മാത്രമാണ്. അതും ചില സമയങ്ങളിൽ കാട്ടാനകൾ നാശം വിതയ്ക്കും. ജീവൻ കയ്യിൽ പിടിച്ച കാട്ടാനകളെ ഭയന്നാണ് ഓരോ ദിവസവും കഴിഞ്ഞു കൂടുന്നത്. എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ കാട്ടാനകൾ ഇറങ്ങുന്നുണ്ട്. കഴിഞ്ഞ കുറച്ചുനാൾ മുമ്പ് ഇവിടെ ഉണ്ടായിരുന്ന അമ്പലം തകർത്തു. ഇതിനെല്ലാം പരിഹാരമായി പെൻസിങ് നിർമ്മിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇതിനുമുമ്പ് ട്രെൻഞ്ച് നിർമ്മിച്ചു എങ്കിലും പാതിവഴിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നിലച്ചു.

വഴിവിളക്കുകൾ
കാട്ടാന ശല്യം വളരെ കൂടുതലായതിനാൽ ഒരു ഹൈമാസ്റ്റ് ലൈറ്റും വഴി വിളക്കുകളും വേണമെന്നാണ് മറ്റൊരാവിശ്യം. നിലവിൽ കുടിയിൽ ആറ് വഴിവിളക്കുകൾ ഉണ്ടെങ്കിലും ഒരെണ്ണം മാത്രമാണ് പ്രവർത്തനം ഉള്ളത്. അമ്പലത്തിനോട് ചേർന്ന് ഒരു ഹൈമാസ്റ്റ് ലൈറ്റും പ്രവർത്തനരഹിതമായ വഴിവിളക്കുകൾ പ്രകാശിപ്പിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.
ഈ ആവശ്യങ്ങൾക്ക് പുറമേ വാലാപ്പുര എന്ന ആവശ്യവും ഇവർ മുൻപോട്ട് വയ്ക്കുന്നുണ്ട്. കുടിയുടെ അടിസ്ഥാന വികസനമായ റോഡും പാലവും എത്രയും വേഗം പൂർത്തികരിച്ച് തരണമെന്നാണ് ഈ 15 കുടുംബങ്ങളും അവിശ്യപ്പെടുന്നത്. ഈ ആവശ്യങ്ങളെല്ലാം ഉന്നയിച്ചു നിരവധി തവണ പഞ്ചായത്തിലും മറ്റ് അധികാരികളെയും ഇവർ സമീപിച്ചിരുന്നു. എല്ലാത്തിനും പുറമേ റോഡും പാലവും നിർമ്മിച്ചാൽ അത് വലിയൊരു ആശ്വാസമാകും എന്നും ഇവർ പറയുന്നു.