Education and careerTechTravelWorld

സ്പേസ് എക്സ് സ്റ്റാർഷിപ്പ് വീണ്ടും ആകാശത്തേക്ക്, എട്ടാം പരീക്ഷണ വിക്ഷേപണം വെള്ളിയാഴ്ച

സ്‌പേസ് എക്‌സിന്റെ ഏറ്റവും പുതിയ പരീക്ഷണ വിക്ഷേപണത്തിന് തയ്യാറെടുക്കുകയാണ് ബഹിരാകാശ ലോകം. സ്റ്റാർഷിപ്പ് മെഗാ റോക്കറ്റിന്റെ എട്ടാമത്തെ പരീക്ഷണമാണ് വെള്ളിയാഴ്ച നടക്കുന്നത്. ബോക്ക ചിക്കയിലെ സ്‌പേസ് എക്‌സിന്റെ സ്റ്റാർബേസിൽ നിന്നാണ് വിക്ഷേപണം. ഏഴാമത്തെ വിക്ഷേപണ പരീക്ഷണം ബഹിരാകാശത്ത് വെച്ച് പൊട്ടിത്തെറിച്ച് അവസാനിച്ചിരുന്നു. അതുകൊണ്ട് തന്നെ എട്ടാമത്തെ പരീക്ഷണം വിജയിക്കുകയെന്നത് സ്പേസ് എക്സിന് വളരെ നിർണായകമാണ്. കഴിഞ്ഞ പരീക്ഷണത്തിൽ സംഭവിച്ച വീഴ്ചകൾ പരിഹരിച്ച്, റോക്കറ്റിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയാണ് ഈ പരീക്ഷണത്തിന്റെ പ്രധാന ലക്ഷ്യം. [SpaceX starship]

ഇലോണ്‍ മസ്കിന്‍റെ സ്പേസ് എക്സ് രൂപകല്‍പന ചെയ്ത എക്കാലത്തെയും വലുതും ഭാരമേറിയതുമായ റോക്കറ്റാണ് സ്റ്റാര്‍ഷിപ്പ്. 121 മീറ്ററാണ് ഈ റോക്കറ്റിന്‍റെ ആകെ ഉയരം. സൂപ്പർ ഹെവി ബൂസ്റ്റര്‍, സ്റ്റാര്‍ഷിപ്പ് സ്പേസ്‌ക്രാഫ്റ്റ് (ഷിപ്പ്) എന്നീ രണ്ട് ഘട്ടങ്ങളാണ് ഈ വിക്ഷേപണ വാഹനത്തിനുള്ളത്. സൂപ്പര്‍ ഹെവി ബൂസ്റ്ററിന് മാത്രം 71 മീറ്റര്‍ ഉയരമുണ്ട്. 33 റാപ്റ്റര്‍ എഞ്ചിനുകളാണ് സൂപ്പര്‍ ഹെവി ബൂസ്റ്ററിന് കരുത്ത് പകരുന്നത്. 52 മീറ്ററാണ് ഷിപ്പ് ഭാഗത്തിന്‍റെ ഉയരം. രണ്ട് ഭാഗങ്ങളിലെയും റാപ്‌റ്റർ എഞ്ചിനുകൾ ദ്രവ രൂപത്തിലുള്ള മീഥെയിനും ദ്രാവക രൂപത്തിലുള്ള ഓക്സിജനും കത്തിച്ച് ഭൂമിയുടെ ഭ്രമണപഥത്തിനപ്പുറമുള്ള ദൗത്യങ്ങൾക്ക് ആവശ്യമായ ഊർജ്ജം നൽകുന്നു. സൂപ്പർ ഹെവി ബൂസ്റ്ററിന് വലിയ പേലോഡുകൾ ഉയർത്താൻ കഴിയും.

ഈ റോക്കറ്റിന്റെ ഇരു ഭാഗങ്ങളും വിക്ഷേപണത്തിന് ശേഷം ഭൂമിയിൽ തിരിച്ചെത്തിച്ച്, വീണ്ടും ഉപയോഗിക്കാൻ കഴിയും. ഇതിനായി സൂപ്പർ ഹെവി ബൂസ്റ്ററും, ഷിപ്പ് ഭാഗവും, ഭൂമിയിലെ വലിയ യന്ത്രക്കൈ (മെക്കാസില്ല) ഉപയോഗിച്ച് സുരക്ഷിതമായി പിടിച്ചെടുക്കും. 

സ്‌പേസ് എക്‌സിന്റെ ഈ ദൗത്യം വിജയകരമാവുമോ എന്ന് ഉറ്റുനോക്കുകയാണ് ലോകം. കാരണം ഇത് ബഹിരാകാശ പര്യവേഷണ രംഗത്ത് വലിയ മുന്നേറ്റങ്ങൾക്ക് വഴി തെളിയിക്കും. എന്നാൽ, മുൻപത്തെ പരീക്ഷണങ്ങളുടെ പരാജയം ആശങ്കകൾക്കും ഇടയാക്കുന്നുണ്ട്. സ്റ്റാര്‍ഷിപ്പ് ചന്ദ്രനിലോ ചൊവ്വയിലോ താവളങ്ങൾ നിർമ്മിക്കുന്നതിന് അനുയോജ്യമാണ് എന്നാണ് സ്പേസ് എക്സ് അവകാശപ്പെടുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!