
അടിമാലി: ആനച്ചാല്‍ തട്ടാത്തിമുക്കില്‍ പള്ളിവാസല്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഹെറിറ്റേജ് സെന്റര്‍ ഒരുങ്ങുന്നു. മൂന്നാറിന്റെ പ്രവേശന കവാടമെന്ന നിലയില്‍ പള്ളിവാസല്‍ പഞ്ചായത്തിന്റെ വിനോദ സഞ്ചാര സാധ്യതകള്‍ക്ക് കൂടുതല്‍ കരുത്ത് പകരാന്‍ ലക്ഷ്യമിട്ടാണ് ആനച്ചാല്‍ തട്ടാത്തിമുക്കില്‍ പള്ളിവാസല്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഹെറിറ്റേജ് സെന്റര്‍ ഒരുങ്ങുന്നത്. ഹെറിറ്റേജ് സെന്റര്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതിനായി വേണ്ടുന്ന അവസാന പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്ന് പള്ളിവാസല്‍ പഞ്ചായത്ത് പ്രസിഡന്റ് വി ജി പ്രജീഷ് കുമാര്‍ പറഞ്ഞു.
സാംസ്‌ക്കാരിക ഗ്യാലറിക്കൊപ്പം പ്രാദേശികമായി ഉത്പാദിപ്പിക്കപ്പെടുന്ന സുഗന്ധവ്യജ്ഞന ഉത്പന്നങ്ങളുടെ വില്‍പ്പന കേന്ദ്രം കൂടിയടങ്ങുന്നതാണ് ഹെറിറ്റേജ് സെന്റര്‍. പഞ്ചായത്തിന്റെ പ്ലാന്‍ ഫണ്ടും തനത് ഫണ്ടും വിനിയോഗിച്ച് 25 ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് സെന്റര്‍ യാഥാര്‍ത്ഥ്യമാക്കുന്നത്. ആനച്ചാല്‍ രണ്ടാംമൈല്‍ റോഡരികിലാണ് സെന്റര്‍ പണികഴിപ്പിച്ചിട്ടുള്ളത്.