മാർ ജോർജ് പുന്നക്കോട്ടിൽ പിതാവിനും സമര നേതാക്കൾക്കുമെതിരെ കള്ള കേസെടുത്ത നടപടി റദ്ദ് ചെയ്യണം: കെ.സി.വൈ.എം ഇടുക്കി രൂപത

ഇടുക്കി : ആലുവ – മൂന്നാർ രാജപാതയിൽ സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മാർ. ജോർജ് പുന്നക്കോട്ടിൽ പിതാവിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കാൽനടയാത്ര സമരത്തിൽ പങ്കെടുത്തവർക്കെതിരെ കള്ള കേസെടുത്ത വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടി റദ്ദ് ചെയ്യണം കെ.സി.വൈ.എം ഇടുക്കി രൂപത സമിതി. രാജഭരണകാലത്ത് നിർമ്മിച്ചതും അക്കാലം മുതൽ വാഹന ഗതാഗതം നടന്നിരുന്നതുമായ പഴയ ആലുവ മൂന്നാർ രാജപാതയിൽ പൂയംകുട്ടി മുതൽ പെരുമ്പൻകുത്ത് വരെയുള്ള ഭാഗത്ത് റോഡിൽ വനം വകുപ്പ് ബാരിക്കേഡ് നിർമിച്ച് വാഹന ഗതാഗതം തടയുകയും പൊതുജനങ്ങൾക്ക് പ്രവേശനം നിഷേധിക്കുകയും ചെയ്തിരുന്നു. പൂയംകുട്ടി മുതൽ പെരുമ്പൻകുത്ത് വരെ വനത്തിലൂടെയുള്ള റോഡ് മൂന്നാറിലേക്ക് യാത്ര ചെയ്യാനുള്ള ദൂരം കുറഞ്ഞ പാതയാണ്. മാങ്കുളം മേഖലയിൽ നിന്നും ഒരു മണിക്കൂർ കൊണ്ട് കോതമംഗലത്ത് എത്തിച്ചേരാവുന്ന ഈ രാജപാത തുറന്നു നൽകണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് ആളുകളാണ് കഴിഞ്ഞ ഞായറാഴ്ച ജനകീയ യാത്രയിൽ അണിചേർന്നത്. ഈ ജനകീയ സമരത്തിൽ പങ്കുചേർന്ന മാർ.ജോർജ് പുന്നക്കോട്ടിൽ പിതാവിനും മറ്റ് 23 ജനപ്രതിനിധികൾക്കുമെതിരെ കേസെടുത്ത വനം വകുപ്പിൻ്റെ നടപടികളെ ന്യായീകരിക്കാവുന്നതല്ല.
1927 ലെ ഇന്ത്യൻ ഫോറസ്റ്റ് ആക്ട് നിലവിൽ വരുന്നതിന് മുമ്പ് തന്നെ നിർമ്മിച്ച രാജപാതയിൽ വനം വകുപ്പ് നടത്തിയിരിക്കുന്ന കൈയേറ്റം അപലപനീയമാണ്. സ്വേച്ഛാധിപത്യം സ്ഥാപിച്ചുകൊണ്ട് ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തിന് തടയിട്ടുകൊണ്ട് വനം വകുപ്പ് നടത്തിക്കൊണ്ടിരിക്കുന്ന മൗലികാവകാശ ലംഘനത്തിനെതിരെ സമാധാനപരമായി പ്രതിഷേധിച്ച പുന്നക്കോട്ടിൽ പിതാവിനും സമരാനുകൂലികൾക്കുമെതിരെ കേസെടുത്ത നടപടിയിൽ കെ.സി.വൈ.എം ഇടുക്കി രൂപത ശക്തമായ പ്രതിഷേധമറിയിച്ചു. സർക്കാർ ഇടപെട്ട് കേസ് പിൻവലിക്കണമെന്നും രാജപാത പൂർണമായും സഞ്ചാരയോഗ്യമാക്കി ജനങ്ങൾക്ക് തുറന്നു നൽകണമെന്നും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് രൂപത നേതൃത്വം ആവശ്യപ്പെട്ടു.
കെ സി വൈ എം ഇടുക്കി രൂപത പ്രസിഡൻ്റ് ശ്രീ.സാം സണ്ണി പുള്ളിയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ രൂപത ഡയറക്ടർ ഫാ.ജോസഫ് നടുപ്പടവിൽ , ജനറൽ സെക്രട്ടറി അമൽ ജിജു, വൈസ് പ്രസിഡൻ്റുമാരായ ഡെമിൽ, സൗപർണിക സന്തോഷ് , ട്രഷറർ ജിതിൻ ജോൺസൻ,സെക്രട്ടറിമാരായ ഡെല്ല മാത്യു, ഐബിൻ വി. ഐസക്ക്,എക്സിക്യൂട്ടീവ് അംഗങ്ങളായ അബിൻ ജോൺസൻ, ഡൊണാൾഡ് ജോസഫ് റെജി,ക്രിസ്റ്റോ സ്കറിയ,അജിൻ ജിൻസൻ, അമിത ട്രീസ സാജൻ, ഡെല്ലാ സജി,അലോണ ബിജു തുടങ്ങിയവർ പ്രസംഗിച്ചു.