
മൂന്നാർ: ഇന്നലെ അന്തരിച്ച മൂന്നാറിലെ തോട്ടം തൊഴിലാളി നേതാവും സി പി ഐ ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറിയുമായ പി പളനിവേലിന് കണ്ണീരോടെ വിട നൽകി മൂന്നാർ.
ആറര പതിറ്റാണ്ട് കാലത്തെ പോരാട്ടത്തിന്റെ ചരിത്രമാണ് പി പളനി വേലെന്ന കമ്മ്യൂണിസ്റ്റ് നേതാവിന് മൂന്നാറിലുള്ളത്. ഇന്നലെ വൈകുന്നേരത്തോടെ മൂന്നാറിലെത്തിച്ച പി പളനിവേലിൻ്റെ മൃതദേഹം ഇന്ന് പാർട്ടി ഓഫീസിൽ പൊതു ദർശനത്തിന് വച്ചു. ശേഷമായിരുന്നു സംസ്ക്കാര ചടങ്ങുകൾ നടന്നത്.
കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ നിന്ന് വ്യതിചലിക്കാതെ നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്യാതെ മുതലാളിത്തത്തോട് സന്ധി ചെയ്യാതെ മൂന്നാറിന്റെ തേയിലക്കാടുകളിൽ നിറഞ്ഞുനിന്ന പോരാട്ടവീര്യമായിരുന്നു പളനിവേൽ എന്ന കമ്മ്യൂണിസ്റ്റുകാരൻ.
തങ്ങളുടെ പ്രിയ നേതാവിന് അന്ത്യോപചാരമർപ്പിക്കാൻ മൂന്നാറിൽ എത്തിയത് ആയിരങ്ങളാണ്.
രാഷ്ട്രീയ, സാമൂഹ്യ, സാംസ്ക്കാരിക രംഗത്തെ പ്രമുഖരും അന്ത്യോപചാരം അർപ്പിക്കാൻ എത്തി. സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സി പി ഐ ദേശീയ എക്സി കൂട്ടീവ് അംഗങ്ങളായ കെ പ്രകാശ് ബാബു, എ ഐ റ്റിയു സി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ, റവന്യൂ മന്ത്രി കെ രാജൻ, സത്യൻ മൊകേരി, എം എൽ എ മാരായ വാഴൂർ സോമൻ, എം എം മണി, അഡ്വക്കേറ്റ് എ രാജ, സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ്, മുൻ എം എൽ എ എ കെ മണി, സിപിഐ ജില്ലാ സെക്രട്ടറി കെ സലിംകുമാർ, കെ കെ ശിവരാമൻ, ഇ കെ ശിവൻ, ഇ എസ് ബിജിമോൾ അടക്കമുള്ള രാഷ്ട്രീയ രംഗത്തെ പ്രമുഖരും വിവിധ സാമൂഹിക സാംസ്കാരിക സംഘടന നേതാക്കന്മാരും അന്ത്യോപചാരമർപ്പിച്ചു.
പിന്നെ ആയിരങ്ങൾ ഏറ്റുവിളിച്ച മുദ്രാവാക്യങ്ങൾക്കിടെ പഴയ മൂന്നാർ സ്കൗട്ട് സെന്ററിൽ അന്ത്യവിശ്രമം. പി പളനിയിൽ എന്ന സമരനായകൻ ഇനി മൂന്നാറിന്റെ ചരിത്രത്തിൽ മറക്കാനാവാത്ത മായിക്കാൻ കഴിയാത്ത ഓർമ്മ.