ഓണാവധി; ദേശീയ പാതയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്ന ശുപാര്‍ശയുമായി പൊലീസ്

മൂന്നാര്‍: ഓണാവധിക്കാലത്തുണ്ടാകുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ദേശീയ പാതയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്ന ശുപാര്‍ശയുമായി പൊലീസ്. മൂന്നാര്‍ ഡിവൈഎസ്പിയാണ് ഇതു സംബന്ധിച്ച് ജില്ല പൊലീസ് മേധാവി വഴി ദേശീയപാത അതോററ്റിക്ക് കത്ത് നല്‍കിയത്. ഓണാവധിയെത്തുന്നതോടെ മൂന്നാറിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
വിനോദ സഞ്ചാരികളുടെ തിരക്കേറുന്നതോടെ നിലവില്‍ നേര്യമംഗലം പാലം മുതല്‍ ഗതാഗതകുരുക്ക് രൂപം കൊള്ളുന്ന സ്ഥിതിയുമുണ്ട്. ഈ സാഹചര്യത്തിലാണ് ഓണാവധിക്കാലത്തുണ്ടാകുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ദേശീയ പാതയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്ന ശുപാര്‍ശയുമായി പൊലീസ് രംഗത്ത് വന്നിട്ടുള്ളത്.
ഓണാവധി തുടങ്ങുന്നതു മുതല്‍ 10 ദിവസങ്ങളില്‍ കൊച്ചി ധനുഷ്‌ക്കോടി ദേശീയപാതയിലെ മൂന്നാര്‍ വരെയുള്ള ഭാഗത്തെ പണികള്‍ നിര്‍ത്തിവയ്ക്കണമെന്നാണ് കത്തിലെ ആവശ്യം. ദേശീയ പാതയിലെ വീതി കൂട്ടല്‍ പണികളുടെ ഭാഗമായി വാളറ മുതലുള്ള പ്രദേശത്ത് കഴിഞ്ഞ ഏതാനും മാസങ്ങളായി ഗതാഗത കുരുക്ക് രൂക്ഷമാണ്.മണിക്കൂറുകളാണ് വാഹനങ്ങള്‍ കുരുക്കില്‍പ്പെട്ടുകിടക്കുന്നത്.
ഓഗസ്റ്റ് 15 നോടനുബന്ധിച്ചുള്ള അവധി ദിവസങ്ങളില്‍ മൂന്നാറില്‍ സഞ്ചാരികളുടെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. രണ്ടു മുതല്‍ നാലു മണിക്കൂര്‍ വരെയാണ് വാഹനങ്ങള്‍ ഗതാഗത കുരുക്കില്‍പ്പെട്ടു കിടന്നത്.ദേശീയ പാതയിലെ പണികള്‍ കാരണം ടൂറിസ്റ്റ് ബസുകളും തടി ലോറികളുമടക്കമുള്ളവ രണ്ടാംമൈലില്‍ നിന്നും തിരിഞ്ഞ് ആനച്ചാല്‍ വഴിയാണ് തിരക്കുള്ള സമയങ്ങളില്‍ കടന്നു പോകുന്നത്.
ഇതു കാരണം ആല്‍ത്തറ, ആനച്ചാല്‍, ശങ്കുപടി, ചിത്തിരപുരം മേഖലകളിലും ഗതാഗതകുരുക്ക് രൂക്ഷമാണ്. തിരക്ക് രൂക്ഷമാകുന്ന ദിവസങ്ങളില്‍ റൂട്ടു ബസുകള്‍ ട്രിപ്പുകള്‍ റദ്ദാക്കുന്നത് യാത്രക്കാരെ വലക്കുന്നതും പതിവാണ്.