താലൂക്കാശുപത്രി സൂപ്രണ്ടിനെ തടഞ്ഞ് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സമരത്തിനെതിരെ ആശുപത്രിയിലെ ജീവനക്കാരുടെ പ്രതിഷേധം..

അടിമാലി: അടിമാലി താലൂക്കാശുപത്രി സൂപ്രണ്ടിനെ മുറിക്കുള്ളില്‍ തടഞ്ഞ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ കുത്തിയിരിപ്പ് സമരം ആശുപത്രിക്കുള്ളില്‍ സംഘര്‍ഷാവസ്ഥക്ക് ഇടവരുത്തി. ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിലപാടെടുത്തു.സമരം നീണ്ടതോടെ പ്രതിഷേധക്കാരെ നീക്കി സൂപ്രണ്ടിനെ മുറിക്ക് പുറത്തെത്തിക്കണമെന്ന ആവശ്യവുമായി ആശുപത്രിയിലെ ജീവനക്കാര്‍ രംഗത്തെത്തി. പ്രതിഷേധം നടക്കുന്ന മുറിക്ക് പുറത്ത് ജീവനക്കാരും ഒരു വിഭാഗം പൊതുപ്രവര്‍ത്തകരും നിലയുറപ്പിച്ചു.
ജീവനക്കാരും, പ്രതിഷേധം നടക്കുന്ന മുറിക്ക് പുറത്ത് നിലയുറപ്പിച്ച മറ്റൊരു വിഭാഗം പൊതുപ്രവര്‍ത്തകരും സൂപ്രണ്ടിരിക്കുന്ന മുറിയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചത് വലിയ വാക്ക് തര്‍ക്കത്തിന് ഇടയാക്കി. ഇതോടെ കൂടുതല്‍ പോലീസ് സ്ഥലത്തെത്തി. മുറിക്ക് പുറത്ത് നിലയുറപ്പിച്ചവരെ പിന്നീട് പോലീസ് അനുനയത്തിലൂടെ മാറ്റി. ആശുപത്രി സൂപ്രണ്ടിനെ തടഞ്ഞ് വച്ചതില്‍ പ്രതിഷേധിച്ച് സ്റ്റാഫ് കൗണ്‍സലിന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ ഏതാനും സമയം ഡ്യൂട്ടി നിര്‍ത്തി വച്ച് പ്രതിഷേധിച്ചു. സമരത്തില്‍ യൂത്ത് കോണ്‍ഗ്രസിനെതിരെ പ്രതിഷേധവുമായി ഒരു വിഭാഗം പൊതുപ്രവര്‍ത്തകരും രംഗത്തെത്തി.യൂത്ത് കോണ്‍ഗ്രസ് സമരം ആശുപത്രിയില്‍ എത്തിയ രോഗികള്‍ക്ക് അസൗകര്യം സൃഷ്ടിച്ചുവെന്നാരോപിച്ചായിരുന്നു പ്രതിഷേധം.
പോലീസിനെതിരെയും ഒരു വിഭാഗം പൊതുപ്രവര്‍ത്തകര്‍ വിമര്‍ശനവുമായി എത്തി. ആശുപത്രി പരിസരത്ത് സംഘര്‍ഷാവസ്ഥയും ആള്ക്കൂട്ടവുമൊക്കെയായതോടെ രാവിലെ ആശുപത്രിയിലെ ക്യാഷ്വാലിറ്റി വിഭാഗത്തില്‍ ചികിത്സ തേടിയെത്തിയ രോഗികള്‍ അങ്കലാപ്പിലായി.