എക്കോപോയിന്റിന് സമീപം അപകടത്തില്‍പ്പെട്ട ബസിന്റെ സ്പീഡ് ഗവേണര്‍ പ്രവര്‍ത്തന രഹിതമാക്കിയ നിലയിലായിരുന്നുവെന്ന് മോട്ടോര്‍ വാഹന വകുപ്പ്

മൂന്നാര്‍: മൂന്നാര്‍ എക്കോപോയിന്റിന് സമീപം കഴിഞ്ഞ ദിവസം അപകടത്തില്‍പ്പെട്ട വിനോദ സഞ്ചാര ബസിന്റെ സ്പീഡ് ഗവേണര്‍ പ്രവര്‍ത്തനരഹിതമാക്കിയനിലയിലായിരുന്നുവെന്ന് മോട്ടോര്‍ വാഹന വകുപ്പ്. അപകടത്തില്‍പ്പെട്ട ബസ് ഉയര്‍ത്തിയ ശേഷം മോട്ടോര്‍ വാഹനവകുപ്പ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. കഴിഞ്ഞ ബുധനാഴ്ച്ച ഉച്ചക്ക് ശേഷമായിരുന്നു മൂന്നാര്‍ എക്കോപോയിന്റില്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന വിനോദ സഞ്ചാര ബസ് അപകടത്തില്‍പ്പെട്ടത്. മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടു. വാഹനത്തിന്റെ അമിത വേഗതാണ് അപകടകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. ഈ നിഗമനം ശരി വയ്ക്കും വിധമാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍. വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതായി കണ്ടെത്താനായിട്ടില്ലെന്നുംറോഡിന്റെ ദിശ സംബന്ധിച്ച് വ്യക്തമായ ബോധ്യമില്ലാതെ പോയതും വാഹനത്തിന്റെ വേഗതയും അപകടത്തിന് ഇടയാക്കിയതായി കരുതേണ്ടി വരുമെന്നും മോട്ടോര്‍ വാഹനവകുപ്പുദ്യോഗസ്ഥര്‍ വ്യക്തമാക്കി. വാഹനത്തിന്റെ ഡ്രൈവറായ കന്യാകുമാരി സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്ത് ഇന്നലെ കോടതിയില്‍ ഹാജരാക്കുകയും കോടതി ഇയാളെ റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ബസ് മറിഞ്ഞ് അപകടമുണ്ടായ പ്രദേശം അപകട സാധ്യത നിലനില്‍ക്കുന്ന പ്രദേശമാണെന്നും ഇവിടെ അപകട മുന്നറിയിപ്പ് സംവിധാനമൊരുക്കണമെന്ന നിര്‍ദ്ദേശം ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് റിപ്പോര്‍ട്ടായി കൈമാറുമെന്നും മോട്ടോര്‍വാഹന വകുപ്പുദ്യോഗസ്ഥര്‍ പറഞ്ഞു.