
അടിമാലി: കഴിഞ്ഞ പതിനൊന്ന് ദിവസങ്ങളിലായി നടന്നു വന്നിരുന്ന അടിമാലി ഫെസ്റ്റ് സമാപിച്ചു. 9 വര്‍ഷത്തെ ഇടവേളക്ക് ശേഷമായിരുന്നു അടിമാലി ഫെസ്റ്റ് ഇത്തവണ വീണ്ടുമെത്തിയത്. ഫെസ്റ്റിനെ അടിമാലിയിലും പരിസര പ്രദേശങ്ങളിലുമുള്ളവര്‍ ഏറെ ആവേശത്തോടെ സ്വീകരിച്ചു. ഈ മാസം 1 മുതല്‍ പതിന്നൊന്ന് ദിവസങ്ങളിലായി നടന്ന ഫെസ്റ്റിന് ഞായറാഴ്ച്ച രാത്രിയില്‍ സമാപനമായി. സമാപന സമ്മേളനം അഡ്വ. എ രാജ എം എല്‍ എ ഉദ്ഘാടനം ചെയ്തു.
അടിമാലി സര്‍ക്കാര്‍ ഹൈസ്ക്കൂള് ഗ്രൗണ്ടില്‍ നടന്ന ഫെസ്റ്റിന് ലഭിച്ചത് വലിയ ജനപങ്കാളിത്തമാണ്. അര ലക്ഷത്തിലധികം ആളുകള്‍ ഫെസ്റ്റ് കണ്ട് മടങ്ങിയതായാണ് സംഘാടകരുടെ വിലയിരുത്തല്‍. ദിവസവും അരങ്ങേറിയ കലാസന്ധ്യക്കടക്കം ഫെസ്റ്റ് നഗരിയില്‍ വലിയ സ്വീകാര്യത ലഭിച്ചു. കലാസന്ധ്യ ആസ്വദിക്കാന്‍ അടിമാലിയില്‍ നിന്നു മാത്രമല്ല സമീപ പ്രദേശങ്ങളില്‍ നിന്നും കലാസ്വാദകര്‍ ഫെസ്റ്റ് നഗരിയിലേക്കെത്തി. എക്സിബിഷനുകള്‍, പെറ്റ് ഷോ, സെമിനാറുകള്‍, വിപണന പ്രദര്‍ശന മേളകള്‍ എന്നിവയും ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിയിരുന്നു. ഇവക്കും മികച്ച ജനപിന്തുണ ലഭിച്ചു.
കുട്ടികളേയും മുതിര്‍ന്നവരേയും ഒരേ പോലെ ആകര്‍ഷിക്കുന്ന അമ്യൂസ്മെന്റ് പാര്‍ക്കും മരണക്കിണറുമെല്ലാം ഫെസ്റ്റ് നഗരിക്ക് കൂടുതല്‍ ആവേശം പകര്‍ന്നു. അടിമാലി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ഫെസ്റ്റ് നടന്നത്. 1992ലാണ് വിവിധ സാംസ്ക്കാരിക സംഘടനകള്‍ മുന്‍കൈയ്യെടുത്ത് അടിമാലി ഫെസ്റ്റിന് തുടക്കം കുറിച്ചത്.