മുറിയിലേക്ക് വരാന്‍ സഹോദരന്‍, മകള്‍ അടുത്തുണ്ടെന്ന് ശ്രീതു; നേരെ വന്ന് കുട്ടിയെ കിണറ്റിലിട്ട് ഹരികുമാർ

രണ്ടര വയസുകാരി ദേവേന്ദുവിന്റെ കൊലപാതകക്കേസില്‍ നിര്‍ണായകമായി അമ്മ ശ്രീതുവിന്റേയും അമ്മാവന്‍ ഹരികുമാറിന്റേയും വാട്സാപ് ചാറ്റുകള്‍. കൊലക്കേസില്‍ അമ്മ ശ്രീതുവിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണത്തില്‍ അമ്മയുടെ പങ്ക് കൃത്യമായി തെളിഞ്ഞതോടെയാണ് തമിഴ്നാട് –കേരള അതിർത്തി പ്രദേശമായ കൊഴിഞ്ഞാമ്പാറയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ശ്രീതുവിന്റേയും സഹോദരന്‍ ഹരികുമാറിന്റേയും വഴിവിട്ട ബന്ധമാണ് രണ്ടരവയസുകാരിയുടെ കൊലപാതകത്തിലേക്ക് നയിച്ചത്. ഹരികുമാറിന് ശ്രീതുവിനോടുള്ള താല്‍പര്യത്തിന് കുഞ്ഞ് തടസമായിരുന്നെന്ന് മൊഴി ലഭിച്ചു. ഇരുവരും തമ്മിലുള്ള വാട്സാപ് ചാറ്റുകള്‍ തന്നെ മതിയായ തെളിവുകള്‍ നല്‍കി. കുഞ്ഞിനെ കൊലപ്പെടുത്തിയതിനു മണിക്കൂറുകള്‍ക്കു മുന്‍പ് ഹരികുമാര്‍ ശ്രീതുവിനോട് മുറിയിലേക്ക് വരാനായി വാട്സാപ് സന്ദേശം അയച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ വരാന്‍ പറ്റില്ലെന്നും മകള്‍ കൂടെയുണ്ടെന്നുമായിരുന്നു ശ്രീതു മറുപടി നല്‍കിയത്. ഇതോടെ ക്ഷുഭിതനായ ഹരികുമാര്‍ കുഞ്ഞിനെ അപ്പോള്‍ തന്നെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനു ശേഷം ശ്രീതു വീടിനു പുറത്തുള്ള ശുചിമുറിയിൽ പോകുന്നതിനിടയ്ക്കാണ് ഹരികുമാർ ഉറങ്ങിക്കിടന്ന ദേവേന്ദുവിനെ എടുത്തുകൊണ്ട് കിണറിനരികിലെത്തിയത്. കുഞ്ഞിനെ എവിടെകൊണ്ടുപോകുന്നെടാ എന്ന് ശ്രീതു ചോദിച്ചതായും ‘ഇന്നത്തോടെ ഇതിന്റെ ശല്യം തീരു’മെന്ന് ഹരികുമാര്‍ മറുപടി പറഞ്ഞതായും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.