മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച സംഭവം: രണ്ട് പേരെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തു

അടിമാലി :കഴിഞ്ഞ വ്യാഴാഴ്ച്ച രാത്രിയിലായിരുന്നു പീച്ചാട് ടൗണിന് സമീപമുള്ള അടിമാലി സ്വദേശി ഒട്ടയ്ക്കല്‍ ഷാജഹാന്റെ മലഞ്ചരക്ക് കടയില്‍ മോഷണം നടന്നത്. കടക്കുള്ളില്‍ സൂക്ഷിച്ചിരുന്ന 50 കിലോ ഉണക്ക ഏലക്കായും 300 കിലോ ഉണക്ക കാപ്പിക്കുരുവുമാണ് മോഷണം പോയത്. ഈ സംഭവത്തിലാണ് മാമലക്കണ്ടം സ്വദേശി മുത്തു ഉപ്പുതോട് സ്വദേശി വിനീഷ് എന്നിവര്‍ പിടിയിലായിട്ടുള്ളത്. പ്രതികള്‍ ഏലക്ക ഇരുമ്പുപാലത്തും കാപ്പിക്കുരു ആനച്ചാലിലുമാണ് വില്‍പ്പന നടത്തിയത്. സാധനങ്ങള്‍ കടത്താന്‍ ഉപയോഗിച്ച ജീപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. പിടിയിലായവര്‍ ഇരുവരും സുഹൃത്തുക്കളാണ്. മുത്തുവിനെ മാമലക്കണ്ടത്ത് നിന്നും വിനീഷിനെ മൂന്നാറില്‍ നിന്നുമാണ് കസ്റ്റഡിയില്‍ എടുത്തത്. പ്രതികളെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി.
എസ് ഐ അബ്ദുള്‍ഖനി, എ എസ് ഐ ഉമ്മര്‍ പി.എം, എസ് സി പി ഒമാരായ രാജേഷ് കുമാര്‍, നിഷാദ് വി.എ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.