
മാങ്കുളം: അടിമാലി കുമളി ദേശിയപാതയിലെ ടൗണുകളില്‍ ഒന്നാണ് കല്ലാര്‍കുട്ടി.അടിമാലിയില്‍ നിന്നും ചെറുതോണിയില്‍ നിന്നും വെള്ളത്തൂവലില്‍ നിന്നും എത്തുന്ന റോഡുകളുടെ സംഗമ കേന്ദ്രം കൂടിയാണിവിടം.ഇടുങ്ങിയ ടൗണാണ് കല്ലാര്‍കുട്ടി.എല്ലായിപ്പോഴും വാഹനങ്ങളുടെയും ആളുകളുടെയും തിരക്ക് ടൗണിലുണ്ട്. ഇക്കാരണം കൊണ്ടു തന്നെ പലപ്പോഴും അപകടങ്ങളും സംഭവിക്കുന്നു. ഇതിനോടകം പല അപകടങ്ങളും ടൗണില്‍ സംഭവിച്ചിട്ടുണ്ട്.ടൗണിലെ കൊടും വളവും ഇറക്കവും അപകടങ്ങള്‍ക്ക് ഇടയാക്കുന്നു.

ഒപ്പം ഗതാഗതകുരുക്ക് കൂടിയാകുന്നതോടെ ടൗണിലൂടെ വാഹനമോടിക്കുക പ്രയാസമുള്ള കാര്യമാണ്.ഈ സാഹചര്യത്തിലാണ് ടൗണിലെ ഗതാഗതകുരുക്കും അപകടസാധ്യതയും കുറക്കാന്‍ ചില ഇടപെടലുകള്‍ വേണമെന്ന ആവശ്യമുയര്‍ന്നിട്ടുള്ളത്.
ടൗണില്‍ ഉണ്ടായിരുന്ന കെര്വിഡ് കോണ്‍വെക്സ് മിറര്‍ പുനസ്ഥാപിക്കണം
ഏതാനും നാളുകള്‍ക്ക് മുമ്പ് ലോറി വ്യാപാരസ്ഥാപനങ്ങളിലേക്ക് പാഞ്ഞ് കയറി ഉണ്ടായ വാഹനാപകടത്തിലായിരുന്നു ടൗണില്‍ സ്ഥാപിച്ചിരുന്ന മിറര്‍ തകര്‍ന്നത്. മിറര്‍ ഇല്ലാതായതോടെ പലപ്പോഴും തലനാരിഴക്കാണ് ടൗണില്‍ അപകടം ഒഴിവായി പോകുന്നത്. അടിമാലിയില്‍ നിന്നും വെള്ളത്തൂവലില്‍ നിന്നും വരുന്നവര്‍ക്ക് ടൗണിലെ വളവ് തിരഞ്ഞെത്തുന്ന വാഹനങ്ങള്‍ കാണുവാനായി ദേശിയപാതയോരത്തായിരുന്നു മിറര്‍ സ്ഥാപിച്ചിരുന്നത്.

എന്നാല്‍ വാഹനാപകടത്തില്‍ തകര്‍ന്ന മിറര്‍ പിന്നീട് പുനസ്ഥാപിച്ചില്ല. രാവിലെയും വൈകുന്നേരങ്ങളിലും കല്ലാര്‍കുട്ടി ടൗണില്‍ വലിയ തിരക്കാണനുഭവപ്പെടുന്നത്.
ദിശാസൂചികാ ബോര്‍ഡുകള്‍ സ്ഥാപിക്കണം
മൂന്ന് ഭാഗത്ത് നിന്നും റോഡുകള്‍ വന്ന് സംഗമിക്കുന്ന ഇടമാണ് കല്ലാര്‍കുട്ടി ടൗണ്‍. ചെറുതോണി, നേര്യമംഗലം, അടിമാലി, വെള്ളത്തൂവല്‍, മൂന്നാര്‍ ഭാഗങ്ങളിലേക്ക് കല്ലാര്‍കുട്ടി വഴി കടന്നു പോകാം. മൂന്നാറിലേക്കും ഇടുക്കിയിലേക്കുമൊക്കെ എത്തുന്ന വിനോദ സഞ്ചാരികളും കല്ലാര്‍കുട്ടി വഴി യാത്ര ചെയ്യാറുണ്ട്. എന്നാല്‍ കല്ലാര്‍കുട്ടി ടൗണിലെത്തി കഴിയുമ്പോള്‍ തങ്ങള്‍ക്ക് പോകേണ്ടുന്ന സ്ഥലങ്ങളുടെ ദിശ എങ്ങോട്ടെന്നറിയാതെ യാത്രക്കാര്‍ കുഴങ്ങാറുണ്ട്. ആദ്യമായെത്തുന്ന വാഹനയാത്രികരില്‍ പലരും ടൗണില്‍ വാഹനം നിര്‍ത്തി വഴിചോദിച്ചാണ് യാത്ര തുടരുന്നത്. ഇത് ഗതാഗതകുരുക്കിന ഇടവരുത്തുന്നു.

ഈ സാഹചര്യത്തിലാണ് ടൗണില്‍ വലിയ ദിശാസൂചികാ ബോര്‍ഡെന്ന ആവശ്യമുയര്‍ന്നിട്ടുള്ളത്.
ടൗണിന് സമീപം ദേശിയപാതയോരത്തെ അവശേഷിക്കുന്ന മണ്‍കൂന നീക്കണം
ടൗണിന് സമീപം ദേശിയപാതയോരത്ത് അവശേഷിക്കുന്ന മണ്‍കൂന നീക്കം ചെയ്യാന്‍ ദേശിയപാത വിഭാഗത്തിന്റെ ഇടപെടല്‍ ഉണ്ടാകണമെന്ന് ആവശ്യം.ഏതാനും നാളുകള്‍ക്ക് മുമ്പ് ടൗണിന് സമീപം ദേശിയപാതയോരത്തു നിന്ന് മണ്ണ് നീക്കം ചെയ്യുകയും വീതി വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു.ഇതിനോട് ചേര്‍ന്ന് തന്നെയുള്ള ചെറിയൊരു മണ്‍കൂന കൂടി നീക്കം ചെയ്താല്‍ കല്ലാര്‍കുട്ടി ടൗണിലൂടെയുള്ള ഗതാഗതം കുറച്ചുകൂടി സുഗമമാകുമെന്നാണ് വാദം.