കര്‍ഷക കോണ്‍ക്ലേവില്‍ ഉയര്‍ന്നത് ജില്ല അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങള്‍; ആശങ്കയേറെയും ഭൂ നിയമ ഭേതഗതിയില്‍

അടിമാലി: പ്രതിപക്ഷനേതാവിന്റെ നേതൃത്വത്തില്‍ അടിമാലിയില്‍ നടന്ന കര്‍ഷക കോണ്‍ക്ലേവില്‍ ഉയര്‍ന്നത് ജില്ല അഭിമുഖീകരിക്കുന്ന വിവിധങ്ങളായ വിഷയങ്ങളാണ്. ഭൂ നിയമ ഭേതഗതി വിഷയത്തിലായിരുന്നു ആശങ്കകള്‍ ഏറെയും പ്രതിനിധികള്‍ പങ്ക് വച്ചത്. ദേശിയപാത നിര്‍മ്മാണ പ്രതിസന്ധി കര്‍ഷക കോണ്‍ക്ലേവില്‍ ചര്‍ച്ചയായി. വാത്തിക്കുടിയടക്കമുള്ള ജില്ലയിലെ വിവിധ ഇടങ്ങളിലെ പട്ടയപ്രശ്‌നങ്ങള്‍ പ്രതിനിധികള്‍ കോണ്‍ക്ലേവില്‍ അവതരിപ്പിച്ചു.
ആദിവാസി ഭൂമിവിഷയങ്ങളും പട്ടികജാതി, പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ നേരിടുന്ന വെല്ലുവിളികളും പ്രതിനിധികള്‍ പ്രതിപക്ഷ നേതാവിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ഏലം കര്‍ഷകരടക്കം ജില്ലയുടെ കാര്‍ഷിക മേഖല നേരിടുന്ന വെല്ലുവിളികള്‍ പ്രതിനിധികള്‍ കോണ്‍ക്ലേവില്‍ ചര്‍ച്ചയാക്കി. വന്യജീവി ശല്യമായിരുന്നു കര്‍ഷക കോണ്‍ക്ലേവില്‍ ഉയര്‍ന്നു വന്ന ജില്ല നേരിടുന്ന മറ്റൊരു പ്രധാന പ്രശ്‌നം. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ പരമ്പരാഗത രീതികള്‍ക്ക് പുറമെ നൂതന രീതികള്‍ കൂടി ഉപയോഗപ്പെടുത്തി വന്യജീവി ശല്യത്തെ ചെറുക്കാന്‍ നടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് കര്‍ഷക കോണ്‍ക്ലേവില്‍ വ്യക്തമാക്കി.
ജില്ലയുടെ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളും ശീതകാലപച്ചക്കറികളുടെ വിളനിലമായ വട്ടവടയിലെ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികളും കോണ്‍ക്ലേവില്‍ ചര്‍ച്ചാ വിഷയങ്ങളായി ഉയര്‍ന്ന് വന്നു.