
അടിമാലി: അടിമാലി അറുപതാംമൈലിന് സമീപം സവാരി കേന്ദ്രത്തിലെ പാപ്പാനെ ആന ചവിട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ വനം വകുപ്പ് കേസെടുത്തു. പെര്‍ഫോമിങ് ആനിമല്‍സ് ആക്ട് 2001 പ്രകാരവും വന്യജീവി സംരക്ഷണം നിയമപ്രകാരവും നടത്തിപ്പുകാര്‍ക്കെതിരെയും ഉടമക്കെതിരെയുമാണ് കേസ്. ആനസവാരിക്ക് വിലക്കും ഏര്‍പ്പെടുത്തി.

ഇന്നലെ വൈകിട്ട് ആറേമുക്കാലോടെയാണ് അടിമാലി അറുപതാംമൈലിന് സമീപമുള്ള സ്വകാര്യ ആന സവാരി കേന്ദ്രത്തിലെ ആനയുടെ ചവിട്ടേറ്റ് രണ്ടാം പാപ്പാന്‍ കാസര്‍ഗോഡ് നീലേശ്വരം സ്വദേശി ബാലകൃഷ്ണന്‍ കൊല്ലപ്പെട്ടത്. വൈകിട്ട് സഞ്ചാരികളുമായി റൈഡ് പുറപ്പെടുന്നതിനായി ആനയെ ഒരുക്കുന്നതിനിടെ ആന ആക്രമിക്കുകയായിരുന്നു.

സംഭവസ്ഥലത്ത് വച്ച് തന്നെ ബാലകൃഷ്ണന്‍ മരണപ്പെട്ടിരുന്നു. തുടര്‍ന്നാണ് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ഇടുക്കി സോഷ്യല്‍ ഫോറസ്റ്ററി എസിഎഫിന് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. ഇടുക്കി സോഷ്യല്‍ ഫോറസ്റ്റ് റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് പരിശോധനകള്‍ നടത്തിയത്. ഇതിന് ശേഷമാണ് നടത്തിപ്പുകാര്‍ക്കെതിരെയും ആനയുടെ ഉടമക്കെതിരെയും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.