KeralaLatest NewsLocal news

കാന്തല്ലൂര്‍ ഫെസ്റ്റ്; പ്രദര്‍ശന വിപണന സ്റ്റാളുകളില്‍ സന്ദര്‍ശകരുടെ തിരക്കേറുന്നു

കാന്തല്ലൂര്‍ ഫെസ്റ്റിന്റെ ഭാഗമായി വിവിധ വകുപ്പുകളുടെ കീഴില്‍ ഒരുക്കിയിട്ടുള്ള പ്രദര്‍ശന വിപണന സ്റ്റാളുകളില്‍ സന്ദര്‍ശകരുടെ തിരക്കേറുന്നു. ജില്ലാ വ്യവസായ കേന്ദ്രത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സംരംഭകരും കൃഷിവകുപ്പ്, വനംവകുപ്പ് എന്നിവരുമാണ് ഫെസ്റ്റ് നഗരിയില്‍ സ്റ്റാളുകള്‍ ഒരുക്കിയിട്ടുള്ളത്. വ്യവസായ വകുപ്പിന്റെ സഹായത്തോടെ സംരംഭങ്ങള്‍ തുടങ്ങുകയും വിജയത്തിലെത്തിക്കുകയും ചെയ്തവരുടെ വിജയചരിത്രം കൂടി ഫെസ്റ്റ് നഗരിയിലെ പ്രദര്‍ശന വിപണനസ്റ്റാളുകള്‍ക്ക് പറയാനുണ്ട്.

ഭക്ഷ്യവസ്തുക്കള്‍, കരകൗശല വസ്തുക്കള്‍ തുടങ്ങി വിവിധഇനത്തിലുള്ള വസ്തുക്കള്‍ കാണുന്നതിനും വാങ്ങുന്നതിനും സ്റ്റാളുകളില്‍ എത്തുന്നവര്‍ക്ക് അവസരമുണ്ട്. വിവിധ വസ്തുക്കളുടെ വില്‍പ്പനക്കൊപ്പം കാന്തല്ലൂരിന്റെ കാര്‍ഷിക പൈതൃകം ആളുകളെ അറിയിക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് കൃഷി വകുപ്പിന്റെ സ്റ്റാള്‍ ക്രമീകരിച്ചിട്ടുള്ളത്. ചന്ദന ഓയില്‍, ചന്ദന സോപ്പ്, കസ്തൂരി മഞ്ഞള്‍ പൗഡര്‍ തുടങ്ങി മറയൂരിന്റെ തനത് പെരുമ വിളിച്ചറിയുക്കുന്ന വിവിധ ഉത്പന്നങ്ങള്‍ വനംവകുപ്പ് ഒരുക്കിയിട്ടുള്ള സ്റ്റാളില്‍ സന്ദര്‍ശകരെ കാത്തിരിപ്പുണ്ട്.

ആലപ്പുഴ ത്രീസ്റ്റാര്‍ അഗ്രോമെഷണറീസ് പ്രൈവറ്റ് ലിമിറ്റഡ് എത്തിച്ചിട്ടുള്ള കാര്‍ഷികോത്പന്നങ്ങളും ഭക്ഷോത്പന്നങ്ങളും ഉണങ്ങി സൂക്ഷിക്കാന്‍ സഹായിക്കുന്ന എയര്‍ പമ്പ് ഡി ഹൈഡ്രേറ്ററാണ് ഫെസ്റ്റ് നഗരിയില്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന മറ്റൊരു കാഴ്ച്ച. ജലാംശം കുറച്ച് വസ്തുക്കള്‍ കേടുവരാതെ ഉണങ്ങി സൂക്ഷിക്കാന്‍ സഹായിക്കുന്ന മെഷ്യനും സാങ്കേതിക വിദ്യയും പരിചയപ്പെട്ടാണ് ആളുകള്‍ മടങ്ങുന്നത്. ഫെസ്റ്റ് നഗരിയിലേക്ക് ആളുകള്‍ കൂടുതല്‍ എത്തുന്ന സായാഹ്നങ്ങളില്‍ പ്രദര്‍ശന വിപണന സ്റ്റാളുകളിലും തിരക്ക് വര്‍ധിക്കും. റവന്യുവകുപ്പ് മന്ത്രി കെ രാജന്‍ ഉള്‍പ്പെടെ ഫെസ്റ്റ് നഗരിയിലെത്തിയ പ്രമുഖര്‍ സ്റ്റാളുകള്‍ സന്ദര്‍ശിച്ചാണ് മടങ്ങിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!