മില്ലുംപടി സ്‌നേഹദീപം റോഡ് പൊട്ടിപൊളിഞ്ഞ് കിടക്കുന്നത് യാത്രാ ക്ലേശം തീര്‍ക്കുന്നു

അടിമാലി: ദിവസവും നിരവധിയായ ആളുകള്‍ യാത്രക്കായി ഉപയോഗിക്കുന്ന റോഡാണ് അടിമാലി ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന മില്ലുംപടി സ്‌നേഹദീപം റോഡ്. പ്രദേശത്തെ പ്രധാന ഇടവഴികളിലൊന്നായ ഈ റോഡിന്റെ ഏതാനും ഭാഗങ്ങള്‍ പൊട്ടി പൊളിഞ്ഞ് കിടക്കുന്നതാണ് പരാതികള്‍ക്ക് ഇടവരുത്തിയിട്ടുള്ളത്. റോഡില്‍ മുമ്പ് ടാറിംഗ് ജോലികള്‍ നടത്തിയെങ്കിലും ഏതാനും മാസങ്ങള്‍ പിന്നിട്ടപ്പോള്‍ തന്നെ ടാറിംഗ് ഇളകി പോയതായി പ്രദേശവാസികള്‍ പറയുന്നു. വെള്ളക്കെട്ടുള്ള പ്രദേശത്ത് ടാറിംഗ് അല്ല പകരം കോണ്‍ക്രീറ്റ് ജോലികള്‍ നടത്തി റോഡ് യാത്രാ യോഗ്യമാക്കുകയാണ് വേണ്ടതെന്നാണ് പ്രദേശവാസികളുടെ വാദം.
അംബേദ്ക്കര്‍ റോഡുമായിട്ടാണ് മില്ലുംപടി സ്‌നേഹദീപം റോഡ് സംഗമിക്കുന്നത്. റോഡ് പൊട്ടിപൊളിഞ്ഞ് കിടക്കുന്നതിനാല്‍ ടാക്‌സി വാഹനങ്ങള്‍ ഇതുവഴി കടന്നുവരാന്‍ മടിക്കുന്ന സ്ഥിതിയുണ്ടെന്ന് സമീപവാസികള്‍ പറയുന്നു. മഴക്കാലമെത്തുന്നതോടെ കുഴികളില്‍ ആകെ വെള്ളക്കെട്ടും രൂപം കൊള്ളും. ഈ റോഡിന്റെ നിര്‍മ്മാണജോലികള്‍ ഫലപ്രദമായ രീതിയില്‍ പൂര്‍ത്തീകരിക്കണമെന്നാണ് ഈ റോഡിനെ യാത്രക്കായി ആശ്രയിക്കുന്നവരുടെ ആവശ്യം.