ചൊക്രമുടി മലനിരകളില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തിങ്കളാഴ്ച്ച സന്ദര്‍ശനം നടത്തും

അടിമാലി: അനധികൃത കൈയ്യേറ്റത്തിലൂടെയും നിര്‍മ്മാണത്തിലൂടെയും വിവാദമായ ചൊക്രമുടി മലനിരകളില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തിങ്കളാഴ്ച്ച സന്ദര്‍ശനം നടത്തും. ചൊക്രമുടി ഭൂവിഷയം വലിയ രാഷ്ട്രീയ വാഗ്വാദങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിയൊരുക്കിയിട്ടുള്ള സാഹചര്യത്തിലാണ് ചൊക്രമുടിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ സ്ഥലത്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തിങ്കളാഴ്ച്ച സന്ദര്‍ശനത്തിനെത്തുന്നത്. ചൊക്രമുടിയിലെ സന്ദര്‍ശന ശേഷം ബൈസണ്‍വാലിയില്‍ നടക്കുന്ന പ്രതിഷേധ യോഗത്തില്‍ പ്രതിപക്ഷ നേതാവ് സംസാരിക്കും. ദിവസങ്ങള്‍ക്ക് മുമ്പ് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൊക്രമുടിയില്‍ സന്ദര്‍ശനം നടത്തിയിരുന്നു.ഇതിന് ശേഷമാണിപ്പോള്‍ പ്രതിപക്ഷ നേതാവ് കൂടി എത്തുന്നത്.ചൊക്രമുടി ഭൂവിഷയത്തില്‍ ചൊക്രമുടി സംരക്ഷണ സമിതിയുടെ വില്ലേജോഫീസ് ഉപരോധം ചൊവ്വാഴ്ച്ച നടക്കും. ചൊക്രമുടിയെ സംരക്ഷിക്കുക, കൈയ്യേറ്റക്കാര്‍ക്ക് ഒത്താശ ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ചൊക്രമുടി സംരക്ഷണ സമിതി പൊട്ടന്‍കാട്ടില്‍ പ്രതിഷേധ മാര്‍ച്ചും വില്ലേജോഫീസ് ഉപരോധ സമരവും സംഘടിപ്പിക്കാനൊരുങ്ങുന്നത്. വിവാദ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്ന ചൊക്രമുടിയില്‍ കഴിഞ്ഞ ദിവസം ദേവികുളം സബ് കളക്ടറുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന നടന്നിരുന്നു. ഉത്തര മേഖല ഐ ജി കെ സേതുരാമന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ വിഭാഗം സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.