
അടിമാലി: അടിമാലി താലൂക്കാശുപത്രിയുടെ പരാധീനതകള്‍ പരിഹരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്ന ആവശ്യവുമായി സി എം പി രംഗത്ത്. അടിമാലി താലൂക്കാശുപത്രിയില്‍ വേണ്ടത് പ്രഖ്യാപനങ്ങളല്ല പ്രവര്‍ത്തനങ്ങളാണെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സിഎംപി പ്രത്യക്ഷ സമരത്തിനൊരുങ്ങുന്നത്. കാത്ത് ലാബും ബ്ലെഡ് ബാങ്കും ഡയാലിസിസ് സെന്ററുമടക്കം ആശുപത്രിയില്‍ ഏറ്റവും വേഗത്തില്‍ സജ്ജമാക്കണം. ആശുപത്രിയിലെ ചില ജീവനക്കാരുടെ രോഗികളോടുള്ള പെരുമാറ്റത്തില്‍ മാറ്റം വരുത്തണം. ആശുപത്രിയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന മറ്റ് പരാധീനതകളില്‍ പരിഹാരം കാണണമെന്നും സി എം പി ജില്ലാ സെക്രട്ടറി കെ എ കുര്യന് അടിമാലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

നവംബര്‍ മാസത്തിനുള്ളില്‍ പ്രശ്നം പരിഹരിക്കാത്ത പക്ഷം ഡിസംബര്‍ ഒന്ന് മുതല്‍ മൂന്ന് ഘട്ടങ്ങളിലായി സമരം സംഘടിപ്പിക്കുമെന്നും സിഎംപി നേതൃത്വം അറിയിച്ചു. ഡിസംബര്‍ ഒന്നിന് ആശുപത്രിക്ക് മുമ്പില്‍ ധര്‍ണ്ണാ സമരം സംഘടിപ്പിക്കും. ഡിസംബര്‍ 25ന് പട്ടിണി സമരവും ജനുവരി ഒന്നിന് പണിമുടക്ക് സമരവും സംഘടിപ്പിക്കും.സമരം കൊണ്ടും ഫലമുണ്ടാകുന്നില്ലെങ്കില്‍ വിഷയത്തില്‍ കോടതിയെ സമീപിക്കുമെന്നും സിഎംപി ജില്ലാ സെക്രട്ടറി കെ എ കുര്യന്, ബേക്കര്‍ ജോസഫ്, റ്റി എ അനുരാജ്, അനീഷ് ചേനക്കര, കെ ജി പ്രസന്നകുമാര്‍, സന്ദീപ് ചന്ദ്രശേഖരന് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.