ഭവന വായ്പകള്‍ക്ക് ഉള്‍പ്പെടെ പലിശ കുറയും; റിപ്പോ നിരക്കിലെ കുറവ് ഗുണമാകുന്നത് ആര്‍ക്കൊക്കെ?

ഈ വര്‍ഷം നാലാമത് നിരക്കിളവ് പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക്. അടിസ്ഥാന നിരക്കില്‍ വരുത്തിയത് കാല്‍ ശതമാനം കുറവാണ്. റിപ്പോ നിരക്ക് അഞ്ചേകാല്‍ ശതമാനമായി കുറയും. 2026ല്‍ രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് പ്രവചനം 7.3 ശതമാനമായി ഉയര്‍ത്തി. നിരക്കധിഷ്ഠിത വായ്പകളുടെ പലിശ നിരക്ക് കുറയും.
രൂപയുടെ മൂല്യമിടിഞ്ഞത് പലിശ നിരക്ക് കുറയ്ക്കാന്‍ തടസമാകുമോ എന്ന ചോദ്യം അപ്രസക്തമാക്കിയാണ് ധനനയക്കമ്മിറ്റിയുടെ പ്രഖ്യാപനം വന്നത്. പോയ വര്‍ഷം രാജ്യം വളര്‍ച്ചാ പാതയിലായിരുന്നെന്ന് വിലയിരുത്തിയ ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര കാല്‍ ശതമാനം നിരക്കിളവാണ് പ്രഖ്യാപിച്ചത്. വിലക്കയറ്റം കുറഞ്ഞതുള്‍പ്പെടെ അനുകൂല സാഹചര്യങ്ങള്‍ കണക്കാക്കിയാണ് അടിസ്ഥാന നിരക്ക് കുറച്ചതെന്നാണ് വിശദീകരണം. പ്രഖ്യാപനത്തോടെ നിരക്കധിഷ്ഠിത വായ്പകള്‍ക്കെല്ലാം പലിശ കുറയും.
ഭവന-വ്യക്തിഗത-വാഹന വായ്പകള്‍ക്ക് പലിശ കുറവ് ബാധകമാകുന്നതോടെ പ്രതിമാസ തിരിച്ചടവും കുറയും. ഇത്തവണത്തേത് കൂടി കൂട്ടിയാല്‍ ഈ വര്‍ഷം ഒന്നേകാല്‍ ശതമാനമാണ് പലിശയില്‍ വരുത്തിയ കുറവ്. വരുന്ന സാന്പത്തിക വര്‍ഷത്തിലെ ജിഡിപി വളര്‍ച്ചാ നിരക്ക് പ്രവചനം 7.3 ശതമാനമായി ഉയര്‍ത്തിയിട്ടുമുണ്ട്. മുന്‍പ് കണക്കാക്കിയിരുന്നത് 6.8 ശതമാനമായിരുന്നു. പണപ്പെരുപ്പ നിരക്ക് നേരത്തെ കണക്കാക്കിയിരുന്ന 2.6 ശതമാനത്തില്‍ നിന്ന് 2 ശതമാനമായി കുറച്ചു. ആര്‍ബിഐ തീരുമാനം ഉപഭോക്താക്കള്‍ക്കും ഓഹരി വിപണിക്കും ഊര്‍ജ്ജം പകരുമെന്ന വിലയിരുത്തലിലാണ് സാമ്പത്തിക വിദഗ്ധര്‍.



