സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്‍ശം; മധ്യപ്രദേശ് ബിജെപി മന്ത്രി വിജയ് ഷായുടെ ഹര്‍ജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

കേണല്‍ സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ ബിജെപി മന്ത്രി കന്‍വര്‍ വിജയ്ഷായുടെ ഹര്‍ജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. മാധ്യമങ്ങള്‍ വിഷയത്തെ വളച്ചൊടിച്ചെന്നും, തുടര്‍നടപടികള്‍ സ്റ്റേ ചെയ്യണമെന്നുമാണ് ആവശ്യം. ഇന്നലെ ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി മന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്.
ഭരണഘടന സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തി ഉത്തരവാദിത്വത്തോടെ പെരുമാറണമെന്ന് സുപ്രീംകോടതി പറഞ്ഞു. മാധ്യമങ്ങള്‍ വിഷയത്തെ വളച്ചൊടിച്ചു എന്നായിരുന്നു വിജയ് ഷായുടെ വാദം. തുടര്‍നടപടികള്‍ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടു. ഹര്‍ജിയില്‍ ഇന്ന് വിശദമായ വാദം കേള്‍ക്കും. നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ച ഭീകരരെ അവരുടെ സഹോദരിയെത്തന്നെ വിട്ടു മോദിജി പാഠം പഠിപ്പിച്ചുവെന്നായിരുന്നു മന്ത്രിയുടെ വിവാദ പ്രസംഗം.
അതേസമയം, കേണല്‍ സോഫിയ ഖുറേഷിയ്ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ മധ്യപ്രദേശ് ബിജെപി മന്ത്രി വിജയ് ഷായ്ക്ക് എതിരെ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ ദുര്‍ബലമെന്ന് മധ്യപ്രദേശ് ഹൈക്കോടതി ഇന്നലെ വ്യക്തമാക്കി. എഫ്ഐആറില്‍ പോരായ്മകള്‍ ഉണ്ട്. പൊലീസ് അന്വേഷണം നിരീക്ഷിക്കും എന്നും ഹൈകോടതി വ്യക്തമാക്കി.
കേണല്‍ സോഫിയ ഖുറേഷിക്കെതിരെ മധ്യപ്രദേശ് മന്ത്രി വിജയ് നടത്തിയ പരാമര്‍ശത്തില്‍ മധ്യപ്രദേശ് ഹൈക്കോടതി നിര്‍ദ്ദേശത്തിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കേസ് ഹൈക്കോടതി പരിഗണിച്ചപ്പോള്‍ എഫ്ഐആര്‍ പരിശോധിച്ചു. പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ നിരവധി പോരായ്മകള്‍ ഉണ്ടെന്ന് ഹൈക്കോടതി. റദ്ദാക്കാന്‍ കഴിയുന്ന തരത്തിലാണ് എഫ്ഐആര്‍ തയ്യാറാക്കിയിരിക്കുന്നത്. മന്ത്രി നടത്തിയ കുറ്റകൃത്യം എന്താണെന്നത് എഫ്ഐആറില്‍ വിവരിച്ചിട്ടില്ല. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത രീതി പരിശോധിക്കുമ്പോള്‍ പൊലീസ് നീതിപൂര്‍വ്വം അന്വേഷണം നടത്തുമെന്ന ആത്മവിശ്വാസം നല്‍കുന്നില്ല എന്നും കോടതി പറഞ്ഞു.