
അടിമാലി: അടിമാലി കുളമാംകുഴിയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവിന് പരിക്കേറ്റു.ഇന്നലെ രാത്രിയിലായിരുന്നു സംഭവം.കുളമാംകുഴി സ്വദേശി പ്രശാന്തിനാണ് ആനയെ കണ്ട് ഭയന്നോടുന്നതിനിടയില്‍ പരിക്ക് സംഭവിച്ചത്.വീട്ടിലേക്കുള്ള യാത്രക്കിടെയാണ് പ്രശാന്ത് കാട്ടാനയുടെ മുമ്പില്‍പ്പെട്ടത്. യുവാവ് വീട്ടിലേക്ക് പോകുന്ന വഴിയില്‍ കാട്ടാന നിലയുറപ്പിച്ചിരുന്നു. കാട്ടാനയെ കണ്ടതോടെ പ്രശാന്ത് ഭയന്ന് പിന്തിരിഞ്ഞോടി.

തിങ്കളാഴ്ച്ച രാത്രി സമീപത്ത് നിന്നിരുന്ന പന ആന കുത്തി മറിച്ചിട്ടിരുന്നു. ഇത് തിന്നുകൊണ്ടിരുന്ന കാട്ടാനയെ പ്രശാന്ത് പെട്ടന്ന് കണ്ടിരുന്നില്ല. പ്രശാന്തിന്റെ പിറകെ ആന പാഞ്ഞടുക്കുകയായിരുന്നു.ആന ഓടിച്ചതിനെ തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ യുവാവ് വീഴുകയും വലതുകാല്‍ മുട്ടിന് പരിക്കേല്‍ക്കുകയും ചെയ്തു.

തലനാരിഴക്കാണ് ജീവന് രക്ഷിക്കാനായത്.പരിക്കേറ്റ പ്രശാന്തിനെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി വൈകിയും കാട്ടാന റോഡില്‍ നിലയുറപ്പിച്ചിരിക്കുകയാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു.കഴിഞ്ഞ കുറെ ദിവസങ്ങളായി വാളറ മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമായി തുടരുന്നുണ്ട്.