ബ്ലാക്ക്’ ഈച്ചകൾ;പുതിയ ഈച്ച വർഗത്തെ കണ്ടെത്തി; കടിയേറ്റൽ കാഴ്ച നഷ്ടപ്പെടും എന്ന് ഗവേഷകർ

പുതിയ ഒരു ഈച്ച വർഗത്തെ കണ്ടെത്തിയതിന്‍റെ ജാഗ്രതയാണ് ശാസ്ത്രലോകത്ത് നിന്നും ഇപ്പോൾ പുറത്തുവരുന്നത്. മനുഷ്യരില്‍ അന്ധതയ്ക്ക് വരെ കാരണമാകുന്ന പ്രത്യേകതരം ഈച്ച വർഗത്തിന്‍റെ സാന്നിധ്യം പശ്ചിമ ബംമഗാളിലെ ഡാര്‍ജിലിങ്ങിലാണ് കണ്ടെത്തിയത്. ‘ബ്ലാക്ക്’ ഈച്ചകൾ എന്നാണ് സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ കണ്ടെത്തി ഈ ഈച്ചകളെ വിശേഷിപ്പിക്കുന്നത്.
‘പിപ്സ’, ‘പൊട്ടു’ എന്നീ പേരുകളിലാണ് ഈ ഈച്ചകള്‍ അറിയപ്പെടുന്നത്. ഇവ മനുഷ്യരിൽ അന്ധത ഉണ്ടാക്കുന്ന ഓങ്കോസെർക്ക വോൾവുലസ് എന്നറിയപ്പെടുന്ന വിരകളുടെ വാഹകരാണെന്നാണ് ഗവേഷകർ പറയുന്നത്. ഈ ഈച്ചകൾ മനുഷ്യരെ കടിച്ച് രക്തം കുടിച്ചാല്‍ വൈകാതെ തന്നെ ആ വ്യക്തികളുടെ കാഴ്ച നഷ്ടപ്പെടും എന്നാണ് സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ശാസ്ത്രജ്ഞനായ ഡോ. അതാനു നാസ്കർ, ഡാർജിലിംഗ്, കലിംപോംഗ് ജില്ലകളിലെ എട്ട് പ്രദേശങ്ങളിൽ നടത്തിയ ഗവേഷണമാണ് ഈ ഈച്ച വർഗത്തെ കണ്ടെത്താൻ സഹായകമായത്.
പഠനത്തിന്‍റെ ഭാഗമായി ഇവിടെ വെച്ച് സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഗവേഷകർ ഡി എൻ എ സാമ്പിളുകൾ ശേഖരിച്ച് ഡി എൻ എ ബാർകോഡ് ചെയ്താണ് ഈച്ചയെ തിരിച്ചറിഞ്ഞത്. നിലവിൽ ഈ ഈച്ചകൾ മൂലമുണ്ടാകുന്ന ഒരു രോഗവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എങ്കിലും ഈ പ്രദേശങ്ങളിലെ ആളുകൾക്ക് അന്ധത വരാനുള്ള സാധ്യത ഇപ്പോഴും കൂടുതലാണെന്നാണ് ഡോ. ധൃതി ബാനർജി പ്രതികരിച്ചത്.നദികളിൽ പ്രജനനം നടത്തുന്ന രോഗബാധിതരായ കറുത്ത ഈച്ചകളുടെ ആവർത്തിച്ചുള്ള കടിയേല്‍ക്കുന്നതാണ് മനുഷ്യരില്‍ അന്ധതയ്ക്ക് കാരണമാകുന്നതെന്നാണ് ലോകാരോഗ്യ സംഘടന പോലും പറയുന്നത്.
‘സിമുലിഡേ’ കുടുംബത്തിൽപ്പെട്ട ഈ കറുത്ത ഈച്ചകൾ നന്നേ വളരെ ചെറുതാണ്. അതുകൊണ്ട് തന്നെ നഗ്നനേത്രങ്ങൾക്കൊണ്ട് ഇവയെ കാണാൻ കഴിയണമെന്നില്ല. ആയതിനാൽ ഒരാൾക്ക് കുത്തേറ്റു എന്ന് മനസ്സിലാകുന്നതിന് മുമ്പ്, ഈച്ച രക്തം കുടിക്കുകയും സ്ഥലം വിടുകയും ചെയ്തിരിക്കും. മനുഷ്യർക്ക് അന്ധത വരാനുള്ള സാധ്യത കണക്കിൽ എടുത്ത് ‘ബ്ലാക്ക്’ ഈച്ചകളെക്കുറിച്ച് ആഴത്തിലുള്ള പഠനങ്ങളും പ്രതിരോധമാർങ്ങളും മുന്നോട്ട് വയ്ക്കാനാകും ശാസ്ത്ര ലോകം ഇനി ശ്രദ്ധിക്കുക.