KeralaLatest News

എസ്.ഐ.ആര്‍: അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം ചേര്‍ന്നു: വീട് തോറുമുള്ള വിവരശേഖരണം നവംബര്‍ 4 മുതല്‍; അന്തിമ വോട്ടര്‍ പട്ടിക  2026 ഫെബ്രുവരി 7 ന്

സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷനുമായി (എസ്.ഐ.ആര്‍) ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ടിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ ജില്ലാതല യോഗം നടന്നു. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ യോഗത്തില്‍ സംബന്ധിച്ചു.
       ജില്ലയില്‍ എസ്.ഐ.ആര്‍. നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട സംശയദുരീകരണത്തിനും അഭിപ്രായശേഖരണത്തിനുമാണ് യോഗം ചേര്‍ന്നത്. സംസ്ഥാനത്ത് 23 വര്‍ഷത്തിന് മുന്‍പാണ് എസ്.ഐ.ആര്‍. നടപ്പിലാക്കിയത്. ഇടയ്ക്കിടെയുള്ള സ്ഥലമാറ്റം, ഒന്നിലധികം സ്ഥലങ്ങളില്‍ വോട്ടര്‍മാര്‍ രജിസ്റ്റര്‍ ചെയ്യുന്നത്, മരണപ്പെട്ട വോട്ടര്‍മാരെ ഒഴിവാക്കല്‍, വിദേശികളെ തെറ്റായി ഉള്‍പ്പെടുത്തിയത്, തുടങ്ങിയവയാണ് പ്രധാനലക്ഷ്യങ്ങള്‍. വോട്ടര്‍ പട്ടിക ആധാറുമായി ബന്ധിപ്പിക്കുക, മരണപ്പെട്ടവരെ ഒഴിവാക്കുന്നതില്‍ കൃത്യത പാലിക്കുക, രാഷ്ട്രീയപരമായ സ്വാധീനം ഒഴിവാക്കുക തുടങ്ങിയ നിരവധി നിര്‍ദേശങ്ങള്‍ യോഗത്തിലുയര്‍ന്നു.

എസ്.ഐ.ആറിന്റെ ലക്ഷ്യം, പ്രവര്‍ത്തനം, ഘടന, തുടങ്ങിയ വിവരങ്ങള്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ സുജ വര്‍ഗീസ് വിശദീകരിച്ചു.

ജില്ലയിലെ 1003 പോളിങ് സ്റ്റേഷനുകളിലും  ബൂത്ത് ലെവല്‍ ഓഫീസര്‍മാരെ നിയോഗിച്ചിട്ടുണ്ട്. ഇവര്‍ അവരവരുടെ പോളിംഗ് സ്റ്റേഷനുകളിലെത്തി നിലവിലുള്ള ഓരോ വോട്ടര്‍മാര്‍ക്കും എന്യൂമറേഷന്‍ ഫോമുകള്‍ വിതരണം ചെയ്യും. 2002ല്‍ നടന്ന അവസാന എസ്.ഐ.ആറിലെ വോട്ടര്‍മാരുടെയോ ബന്ധുക്കളുടെയോ പേര് ലിങ്ക് ചെയ്യും. ആ പട്ടികയില്‍ ഇല്ലാത്തവരായുള്ള പുതിയ വോട്ടറെ ഉള്‍പ്പെടുത്തുന്നതിനായി ഫോം 6 ഉം ഡിക്ലറേഷന്‍ ഫോമും ബി.എല്‍.ഒ.മാര്‍ ശേഖരിച്ചു മാച്ചിംഗ്/ലിങ്കിംഗ് എന്നിവ ചെയ്യും. തുടര്‍ന്ന് ആ ഫോമുകള്‍ ഇ.ആര്‍.ഒ. യ്‌ക്കോ എ.ഇ.ആര്‍.ഒ. യ്‌ക്കോ നല്‍കും. ഓരോ വോട്ടറുടെയും വീട്ടില്‍ കുറഞ്ഞത് 3 സന്ദര്‍ശനങ്ങളെങ്കിലും ഇവര്‍ നടത്തും. വോട്ടര്‍മാര്‍ക്ക് എന്യൂമറേഷന്‍ ഫോം ഓണ്‍ലൈനായും പൂരിപ്പിക്കാന്‍ കഴിയും, പ്രത്യേകിച്ച് നഗരപ്രദേശങ്ങളിലെ വോട്ടര്‍മാര്‍/താല്‍ക്കാലിക മൈഗ്രന്റ്‌സ് എന്നിവര്‍ക്ക് ഓണ്‍ലൈന്‍ സൗകര്യം പ്രയോജനപ്പെടുത്താം.

ഡിക്ലറേഷന്‍ ഫോമിനോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍

1. കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങളിലെ സ്ഥിരം ജീവനക്കാരന് നല്‍കുന്ന ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡും, പെന്‍ഷന്‍കാര്‍ക്ക് നല്‍കുന്ന പെന്‍ഷന്‍ പേയ്‌മെന്റ് ഓര്‍ഡറും, 2. 1987 ജൂലൈ 1 ന് മുമ്പ് സര്‍ക്കാര്‍/തദ്ദേശ അധികാരികള്‍/ബാങ്കുകള്‍/പോസ്റ്റ് ഓഫീസ്/എല്‍ഐസി/പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവ ഇന്ത്യയില്‍ നല്‍കിയ ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ്/സര്‍ട്ടിഫിക്കറ്റ്/രേഖ., 3. അംഗീകൃത അതോറിറ്റി നല്‍കുന്ന ജനന സര്‍ട്ടിഫിക്കറ്റ്., 4. പാസ്‌പോര്‍ട്ട്, 5. അംഗീകൃത ബോര്‍ഡുകള്‍ സര്‍വകലാശാലകള്‍ നല്‍കുന്ന മെട്രിക്കുലേഷന്‍/വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ്., 6. അംഗീകൃത സംസ്ഥാന അധികാരി നല്‍കുന്ന സ്ഥിര താമസ സര്‍ട്ടിഫിക്കറ്റ്., 7. വനാവകാശ സര്‍ട്ടിഫിക്കറ്റ്, 8. ഒബിസി/ എസ്.സി/എസ്.ടി അല്ലെങ്കില്‍ യോഗ്യതയുള്ള അധികാരി നല്‍കുന്ന ഏതെങ്കിലും ജാതി സര്‍ട്ടിഫിക്കറ്റ്, 9. ദേശീയ പൗരത്വ രജിസ്റ്റര്‍ (നിലവിലുള്ള സ്ഥലത്തെല്ലാം), 10. സംസ്ഥാന/തദ്ദേശ അധികാരികള്‍ തയ്യാറാക്കിയ കുടുംബ രജിസ്റ്റര്‍., 11. സര്‍ക്കാര്‍ നല്‍കുന്ന ഏതെങ്കിലും ഭൂമി/ വീട് അലോട്ട്‌മെന്റ്‌റ് സര്‍ട്ടിഫിക്കറ്റ്.,  12. ആധാര്‍ കാര്‍ഡ്., 13. 2025 ജൂലൈ 1ന്  യോഗ്യത നിര്‍ണയ തീയതിയായ ബീഹാര്‍ വോട്ടര്‍ പട്ടികയുടെ പ്രസക്തഭാഗം എന്നിവയാണ്.

ഓര്‍ത്തിരിക്കാം ഈ തീയതികള്‍

ഫോമിന്റെ അച്ചടി /പരിശീലനം- നവംബര്‍ 3 വരെയാണ്. വീട് തോറുമുള്ള വിവരശേഖരണം നവംബര്‍ 4 മുതല്‍ ഡിസംബര്‍ 4 വരെ. പ്രാഥമിക വോട്ടര്‍ പട്ടിക ഡിസംബര്‍ 9 ന് പ്രസിദ്ധീകരിക്കും. ഡിസംബര്‍ 9 മുതല്‍ 2026 ജനുവരി 8 വരെ ആവശ്യങ്ങള്‍ക്കും എതിര്‍പ്പുകള്‍ക്കും അപേക്ഷിക്കാനുള്ള കാലയളവായിരിക്കും.  ഡിസംബര്‍ 9 മുതല്‍ 2026 ജനുവരി 31 വരെ നോട്ടീസ് ഘട്ടമാണ് (ഹിയറിംഗും പരിശോധനയും). അവസാന വോട്ടര്‍ പട്ടിക  2026 ഫെബ്രുവരി 7 ന് പ്രസിദ്ധീകരിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!