ദേവികുളം താലൂക്കിലും പരക്കെ മഴ; ദേശിയപാത85ല്‍ വിവിധയിടങ്ങളില്‍ പാതയോരം ഇടിഞ്ഞു

അടിമാലി: കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ദേവികുളം താലൂക്കിലും പരക്കെ മഴ പെയ്യുന്നുണ്ട്. വരും ദിവസങ്ങളില്‍ ജില്ലയില്‍ ശക്തമായ മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ താലൂക്ക് പരിധിയിലും പ്രാദേശിക ഭരണകൂടങ്ങളടക്കം ജാഗ്രത പുലര്‍ത്തിപ്പോരുന്നുണ്ട്. ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് കല്ലാര്‍കുട്ടി അണക്കെട്ടിന്റെ മുഴുവന്‍ ഷട്ടറുകളും തുറന്നു.മുതിരപ്പുഴയുടെയും പെരിയാറിന്റെയും കരകളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്.
തുടര്‍ച്ചയായി മഴ പെയ്തതോടെ തോടുകളിലും പുഴകളിലും ജലനിരപ്പുയര്‍ന്നു. കല്ലാര്‍ മാങ്കുളം റോഡില്‍ വിവിധയിടങ്ങളില്‍ മരം നിലംപതിച്ചു. താലൂക്കിന്റെ വിവിധയിടങ്ങളില്‍ വൈദ്യുതി ബന്ധം താറുമാറായിട്ടുണ്ട്. നിര്‍മ്മാണം നടക്കുന്ന ദേശിയപാത 85ല്‍ വിവിധയിടങ്ങളില്‍ പാതയോരം ഇടിഞ്ഞു. കരടിപ്പാറക്ക് സമീപം റോഡ് അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് കല്ലാറിനും രണ്ടാംമൈലിനും ഇടയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
നേര്യമംഗലം വനമേഖലയിലടക്കം മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നുണ്ട്. മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണങ്ങള്‍ ഉണ്ട്. ജില്ലയിലെ ജലാശയങ്ങളിലെ ബോട്ടിംഗ്, കയാക്കിംഗ്, റാഫ്ളിംഗ്, കുട്ടവഞ്ചി, സഫാരി ഉള്‍പ്പെടെയുള്ള എല്ലാ ജലവിനോദങ്ങള്‍ക്കും എല്ലാ സാഹസിക വിനോദപരിപാടികള്‍ക്കും മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുള്ള മലയോര മേഖലകളിലെ ട്രക്കിംഗിനും ജില്ലാ ഭരണകൂടം നിരോധനം ഏര്‍പ്പെടുത്തി. വിവിധ ഖനന പ്രവര്‍ത്തനങ്ങള്‍ക്കും 27 വരെ ജില്ലയില്‍ നിയന്ത്രണമുണ്ട്.