മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ പ്രദേശങ്ങളിൽ നിന്ന് ആളുകൾ മാറി താമസിക്കണം; ഇടുക്കിയിൽ ജാഗ്രത നിർദേശം

മഴ കനത്ത സാഹചര്യത്തിൽ ഇടുക്കിയിൽ ജാഗ്രത നിർദേശം. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന പ്രദേശങ്ങളിലെ ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ, ബന്ധു വീടുകളിലേക്കോ മാറി താമസിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശം നൽകി. തഹസിൽദാർമാർക്ക് നിർദേശം നൽകിയത്. ഇതിനായി ജില്ലയിൽ ദുരിതാശ്വാസക്യാമ്പ് സജ്ജീകരിച്ചു കഴിഞ്ഞു.
ജില്ലയിൽ ഇന്നും നാളെയും റെഡ് അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതോടെ പൊന്മുടി ഡാമിൻറെ മൂന്ന് ഷട്ടറുകൾ ഉയർത്തി. വിവിധ ഇടങ്ങളിൽ മരം ഒടിഞ്ഞുവീണും, മണ്ണിടിഞ്ഞും വ്യാപക നാശനഷ്ടവും ഉണ്ടായിട്ടുണ്ട്.
പുഴകളിലെയും നദികളിലെയും ജലനിരപ്പ് ഉയർന്നതിനാൽ ജലാശയങ്ങളിൽ കുളിക്കുന്നതും മറ്റു പ്രവർത്തികളിൽ ഏർപ്പെടുന്നതും ശ്രദ്ധിക്കണമെന്ന് നിർദേശമുണ്ട്. മത്സ്യത്തൊഴിലാളികൾ മുന്നറിയിപ്പ് ഉള്ള സമയങ്ങളിൽ കടലിൽ പോകരുത്. മറ്റു പാരിസ്ഥിതിക ലോല പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർ ബന്ധുവീടുകളിലേക്കോ ക്യാമ്പുകളിലേക്കോ മാറി താമസിക്കാൻ തയ്യറാകണം.
എല്ലാ ജില്ലകളിലും അടിയന്തിര ഘട്ട കാര്യനിർവ്വഹണ കേന്ദ്രങ്ങളും താലൂക്ക് എമർജൻസി ഓപ്പറേഷൻ സെന്ററുകളും മുഴുവൻ സമയവും പ്രവർത്തനക്ഷമമാണ്. സാധാരണ അവലംബിക്കുന്ന മാർഗങ്ങൾക്ക് പുറമെ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ‘കവചം’ മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകളിലൂടെയുള്ള സന്ദേശവും സൈറൺ ഹൂട്ടിങ്ങും നൽകുന്നുണ്ട്.