തൃശൂർ പൂരം നടത്തിപ്പിൽ പിണറായി വിജയനും വാസവനും കാര്യങ്ങൾ മനസിലാക്കി പ്രവർത്തിച്ചു’; പ്രശംസിച്ച് സുരേഷ് ഗോപി

തൃശൂർ പൂരം നടത്തിപ്പിൽ മുഖ്യമന്ത്രിയെയും ദേവസ്വം മന്ത്രിയെയും പ്രശംസിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശൂർകാർക്കും മലയാളികൾക്കും വേണ്ടി മന്ത്രിമാർക്കും നന്ദി പറയുന്നു. പിണറായി വിജയനും വി.എൻ വാസവനും ഓരോ കാര്യങ്ങളും ഇടപെട്ട് മനസിലാക്കി പ്രവർത്തിച്ചുവെന്നും സുരേഷ് ഗോപി പറഞ്ഞു.
മന്ത്രി രാജൻ ഒരു മിനിറ്റ് പോലും പൂരം ആസ്വദിച്ചിട്ടില്ല, അദ്ദേഹം ഓടി നടന്ന് കാര്യങ്ങൾ ചെയ്തു. രാജനെ കെട്ടി പിടിച്ച് മുത്തം കൊടുക്കാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പൂരം ഗംഭീരമാക്കാൻ പ്രവർത്തിച്ച മന്ത്രി കെ രാജനെ കെട്ടിപ്പിടിച്ച് ഞെക്കിപ്പൊട്ടിച്ച് അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്നലെ കാലടിയിലെ ഗതാഗത കുരുക്കില്‍പ്പെട്ട് വലഞ്ഞതോടെ വാഹനത്തില്‍ നിന്നും പുറത്തേക്കിറങ്ങി പ്രശ്ന പരിഹാരത്തിന് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയെ വിളിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. പെരുമ്പാവൂര്‍ ഭാഗത്ത് നിന്നും വരികയായിരുന്ന കേന്ദ്രമന്ത്രി ഉച്ചയോടെ കാലടി പാലത്തിന്റെ സമീപത്ത് ഗതാഗതക്കുരുക്കില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പ്രശ്നം കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിലേക്ക് എത്തിച്ചു.
തുടര്‍ന്നാണ് കേന്ദ്രമന്ത്രി പാലത്തിന്റെ ശോചനീയാവസ്ഥ നേരിട്ട് കണ്ടറിയുകയും ഉടനെ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയെ ഫോണില്‍ ബന്ധപ്പെടുകയും ചെയ്തത്. കാലടി പാലത്തിലെ ഗതാഗതക്കുരുക്കിലാണ് താനെന്നും റോഡ് വളരെ മോശം അവസ്ഥയിലാണെന്നും കേന്ദ്ര മന്ത്രി പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയെ അറിയിക്കുകയായിരുന്നു.
വണ്ടി ഓടിക്കാന്‍ സാധിക്കുന്നില്ല. അടി തട്ടുന്നു. ടാര്‍ കൂടിക്കിടക്കുന്ന ഭാഗം ഒന്നു നീക്കം ചെയ്തെങ്കിലും കൊടുക്കൂ. ഇപ്പോള്‍ തന്നെ ആരെയെങ്കിലും ഇത് കാണാന്‍ അയക്കൂവെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. കുഴികള്‍ നികത്താമെന്ന് പൊതുമരാമത്ത് സെക്രട്ടറി ഉറപ്പുനല്‍കിയതായി സുരേഷ് ഗോപി അറിയിച്ചു.