അടിമാലിയില്‍ നടന്നു വന്നിരുന്ന പുസ്തകോത്സവം സമാപിച്ചു

അടിമാലി: ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതിയുടെ നേതൃത്വത്തില്‍ അടിമാലിയില്‍ നടന്നു വന്നിരുന്ന പുസ്തകോത്സവം സമാപിച്ചു.
അടിമാലി സര്‍ക്കാര്‍ ഹൈസ്‌ക്കൂളില്‍ സജ്ജീകരിച്ചിരുന്ന ഇ ജി സത്യന്‍ നഗറിലായിരുന്നു കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതിയുടെ നേതൃത്വത്തില്‍ പുസ്തകോത്സവം നടന്നത്. അഡ്വ. എ രാജ എം എല്‍ എ ഉദ്ഘാടനം നിര്‍വ്വഹിച്ചായിരുന്ന പുസ്തകോത്സവത്തിന് ഈ മാസം 28ന് തുടക്കം കുറിച്ചത്. പുസ്തകോത്സവത്തിന് ഇന്നലെ സമാപനമായി.
മൂന്ന് ദിവസങ്ങളിലായി നടന്ന പുസ്തകോത്സവത്തില്‍ പ്രതികൂല കാലാവസ്ഥയെ അവഗണിച്ചും നിരവധിയായ പുസ്തക പ്രേമികളും വായനയെ സ്‌നേഹിക്കുന്നവരും പുസ്തകോത്സവത്തിന്റെ ഭാഗമായതായി സംഘാടകര്‍ പറഞ്ഞു. പുസ്തകോത്സവത്തിന്റെ ഭാഗമായി ഇടുക്കിയുടെ എഴുത്ത് വഴികള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നിരുന്നു. കോനാട്ട് പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച നാല് പുസ്തകങ്ങളുടെ പ്രകാശനവും പുസ്തകോത്സവത്തിന്റെ ഭാഗമായി ക്രമീകരിച്ചിരുന്നു. സാഹിത്യ ക്വിസും കലാസന്ധ്യയും പുസ്തകോത്സവത്തെ ചലനാത്മകമാക്കി. ജില്ലയിലെ സാഹിത്യ, സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ പുസ്തകോത്സവത്തിന്റെ ഭാഗമായി. ഇരുന്നൂറ്റിഅമ്പതിലധികം ലൈബ്രറികളുടെ സഹകരണം പുസ്തകോത്സവത്തിന് ലഭിച്ചു. അറുപതിലധികം സ്റ്റാളുകള്‍ ക്രമീകരിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പുസ്തക പ്രസാദകരും പുസ്തകോത്സവത്തിന്റെ ഭാഗമായി.