വാളറ കുളമാന്‍കുഴി മേഖലയില്‍ കാട്ടാന ശല്യത്താല്‍ പൊറുതിമുട്ടി കുടുംബങ്ങള്‍

അടിമാലി: അടിമാലി വാളറ കുളമാന്‍കുഴി മേഖലയില്‍ കാട്ടാന ശല്യത്താല്‍ പൊറുതിമുട്ടി കുടുംബങ്ങള്‍. മൂന്നോളം കാട്ടാനകളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി വാളറ കുളമാംകുഴി മേഖലയില്‍ ജനവാസ മേഖലയില്‍ ഇറങ്ങി നാശം വരുത്തുന്നത്. പ്രദേശത്തെ അമ്പതോളം കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ കാട്ടാനകളിതുവരെ നാശം വരുത്തിയിട്ടുണ്ട്. പല കര്‍ഷകര്‍ക്കും സംഭവിച്ച നഷ്ടം വലുതാണ്. ഏലവും മലയിഞ്ചിയും കൊക്കോയുമൊക്കെ കാട്ടാനകള്‍ വലിയ തോതില്‍ നശിപ്പിച്ചു.തുരത്തിയോടിക്കാന്‍ ശ്രമിച്ചാലും കാട്ടാനകള്‍ ജനവാസ മേഖലയില്‍ നിന്നും പിന്‍വാങ്ങാന്‍ തയ്യാറാകാത്ത സ്ഥിതിയാണ്.
കാട്ടാന ശല്യം രൂക്ഷമായിട്ടും വനംവകുപ്പിന്റെ ഭാഗത്ത് നിന്നും ആനശല്യം പ്രതിരോധിക്കാന്‍ ഫലപ്രദമായ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന ആക്ഷേപം പ്രദേശവാസികള്‍ക്കുണ്ട്. പൊറുതിമുട്ടിയതോടെ പ്രദേശത്തെ ആളുകള്‍ ഇന്ന് നേര്യമംഗലം ഫോറസ്റ്റ് റെയിഞ്ചോഫീസിലേക്ക് പ്രതിഷേധവുമായി എത്തി. തുടര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ ആനയെ തുരത്താന്‍ പ്രദേശത്ത് ആര് ആര് റ്റി സംഘത്തെ നിയോഗിക്കാമെന്ന് വനംവകുപ്പ് അറിയിച്ചു. തിങ്കളാഴ്ച്ച തുടര്‍നടപടികളില്‍ തീരുമാനം കൈകൊള്ളാന്‍ മൂന്നാര്‍ ഡി എഫ് ഒയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്താമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചതോടെ പ്രതിഷേധം താല്‍ക്കാലിമായി അവസാനിപ്പിച്ചു.
കാട്ടാനകള്‍ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്ന പ്രദേശത്ത് കുറ്റമറ്റ രീതിയില്‍ ഫെന്‍സിംഗ് തീര്‍ത്താല്‍ ആനശല്യം ഒരു പരിധിവരെ പരിഹാരിക്കാമെന്നാണ് പ്രദേശവാസികളുടെ വാദം. കാട്ടാന ശല്യം രൂക്ഷമായതോടെ പകല്‍ സമയത്ത് കൃഷിയിടങ്ങളില്‍ ഇറങ്ങാന്‍ പോലും കര്‍ഷകര്‍ ഭയക്കുന്ന സ്ഥിതിയുണ്ട്. മഴ പെയ്യുന്നതോടെ അടിക്കടി ഈ പ്രദേശത്ത് വൈദ്യുതിയും മൊബൈല്‍നെറ്റ് വര്‍ക്കും മുടങ്ങുന്ന സ്ഥിതിയുമുണ്ട്. കഴിഞ്ഞ ദിവസങ്ങളിലൊക്കെയും കൃഷിയിടങ്ങളില്‍ കാട്ടാനകള്‍ എത്തിയിട്ടും തുരത്തിയോടിക്കാന്‍ മാര്‍ഗ്ഗമില്ലാതെ കര്‍ഷകര്‍ പ്രതിസന്ധിയിലായിരുന്നു.
കൂടുതല്‍ ഇടങ്ങളിലേക്ക് കാട്ടാനകള്‍ ഇറങ്ങുകയും കൃഷിനാശം വരുത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പ്രദേശവാസികള്‍ സംഘടിച്ച് വനംവകുപ്പോഫീസിലേക്ക് പ്രതിഷേധവുമായി എത്തിയത്. ഫലപ്രദമായ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ പ്രതിഷേധം കടുപ്പിക്കുമെന്ന് പ്രദേശവാസികള്‍ മുന്നറിയിപ്പ് നല്കുന്നു.