
യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം ഫ്രഞ്ച് കരുത്തരായ പിഎസ്ജിക്ക്. കലാശപ്പോരാട്ടത്തിൽ ഇറ്റാലിയൻ വമ്പൻമാരായ ഇന്റർമിലാനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തോൽപ്പിച്ചു. ഡെസിറെ ഡൂവേ ഇരട്ടഗോൾ നേടിയപ്പോൾ അഷ്റഫ് ഹാക്കിമി,ഖ്വറ്റ്സ്ഖേലിയ,സെന്നി മയുലു എന്നിവർ ഓരോ ഗോൾ വീതവും നേടി. പിഎസ്ജിയുടെ കന്നി ചാമ്പ്യൻസ് ലീഗ് കിരീടമാണിത്. ഇന്ററിന്റെ നാലാംകിരീടമെന്ന സ്വപ്നമാണ് പൊലിഞ്ഞത്.
സമ്മർദത്തിലായ ഇന്റർ താരങ്ങള്‍ ആദ്യ പകുതിയിൽ തുടർച്ചയായി പന്തു നഷ്ടപ്പെടുത്തി. ലൊതാരോ മാർട്ടിനസിലേക്കും തുറാമിലേക്കും പന്തെത്തിക്കാനുള്ള ലോങ് ക്രോസ് തന്ത്രങ്ങളും ഫലം കണ്ടില്ല. എന്നാൽ ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിൽ പിഎസ്ജി ഗോൾ മുഖത്തേക്ക് ഇന്റർ മിലാൻ നിരന്തരം ആക്രമണങ്ങള്‍ നയിച്ചു. പക്ഷേ പിഎസ്ജിയുടെ പ്രതിരോധ മതിൽ കടക്കാൻ അപ്പോഴും ഇന്ററിനു സാധിച്ചില്ല.
2011-ൽ ഖത്തർ സ്പോർട്‌സ് ഇൻവെസ്റ്റ്‌മെന്റ് ക്ലബ്ബിനെ സ്വന്തമാക്കിയശേഷം നേടുന്ന ഏറ്റവും പ്രധാനപ്പെട്ട കിരീടമാണിത്. കഴിഞ്ഞ ഒരുപതിറ്റാണ്ടിനിടെ ലോകഫുട്‌ബോളിലെ വമ്പൻതാരങ്ങളായ ലയണൽ മെസ്സി, നെയ്മർ, കിലിയൻ എംബാപ്പെ തുടങ്ങിയവർ ഒരുമിച്ചുകളിച്ചിട്ടും നേടാൻകഴിയാതെപോയ കിരീടമാണ് സ്വന്തമായത്. സ്പാനിഷ് പരിശീലകൻ ലൂയി എൻറീക്കെയുടെ കീഴിൽ ഒത്തൊരുമയോടെ കളിക്കാൻകഴിഞ്ഞത് ടീമിന്റെ വിജയത്തിൽ നിർണായകമായി