
അടിമാലി: അടിമാലി ടൗണിനോട് ചേര്‍ന്ന് അപ്സരകുന്ന് ഭാഗത്ത് തലമാലി വെള്ളച്ചാട്ടത്തിന് കുറുകെ ഭഗവതികുന്ന് മേഖലയിലേക്ക് പോകുന്ന പാലത്തിന് പുതിയ കൈവിരികള്‍ സ്ഥാപിക്കണമെന്നാവശ്യം. നിലവില്‍ ഈ പാലത്തില്‍ ഇരുമ്പുപൈപ്പുകള്‍ കൊണ്ട് കൈവിരി സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ കാലപ്പഴക്കത്താല്‍ ചില ഭാഗം തകര്‍ന്ന് കഴിഞ്ഞു. ഇവിടെ പ്രദേശവാസികള്‍ മരക്കമ്പുകള്‍ കെട്ടി താല്‍ക്കാലിക സുരക്ഷയൊരുക്കി. ഇപ്പോഴുള്ള കൈവിരികള്‍ മതിയായ സുരക്ഷ നല്‍കുന്നതല്ലെന്നും അടിയന്തിരമായി ഇവിടെ ഇരുമ്പുപൈപ്പുകള്‍ കൊണ്ട് കൈവിരികള്‍ സ്ഥാപിക്കണമെന്നും പ്രദേശവാസികള്‍ പറഞ്ഞു.
വിദ്യാലയത്തിലേക്ക് കുട്ടികളടക്കം സഞ്ചരിക്കുന്നത് ഈ പാലത്തിലൂടെയാണ്. മഴക്കാലത്ത് പാലത്തിന് കീഴിലൂടെ അതിശക്തമായ വെള്ളമൊഴുക്കനുഭവപ്പെടും. പാലം സ്ഥിതി ചെയ്യുന്ന ഈ പ്രദേശം പാറക്കെട്ട് നിറഞ്ഞ ഇടം കൂടിയാണ്. പ്രദേശത്തെ അപകട സാധ്യത കണക്കിലെടുത്ത് മതിയായ സുരക്ഷയൊരുക്കും വിധം പാലത്തില്‍ പുതിയ കൈവിരികള്‍ സ്ഥാപിക്കാന്‍ ഇടപെടല്‍ വേണമെന്നാണ് ആവശ്യം.