KeralaLatest NewsLocal news

അടിമാലിയില്‍ അര്‍ബുധബാധിതയായ വീട്ടമ്മയെ കട്ടിലില്‍ കെട്ടിയിട്ട് മോഷണം; 16500 രൂപ കവര്‍ന്നു

അടിമാലി: അടിമാലിയില്‍ അര്‍ബുധബാധിതയായ വീട്ടമ്മയെ കട്ടിലില്‍ കെട്ടിയിട്ട് മോഷണം. അടിമാലി എസ് എന്‍ പടി സ്വദേശിനിയായ ഉഷ സന്തോഷിനെയാണ് മോഷ്ടാവ് കട്ടിലില്‍ കെട്ടിയിട്ട് വായില്‍ തുണി തിരുകിയ ശേഷം പണവുമായി കടന്നത്. അടിമാലി എസ് എന്‍ പടി സ്വദേശിനിയായ വീട്ടമ്മ സുമനസ്സുകളുടെ സഹായത്താലാണ് അര്‍ബുധ ചികിത്സ നടത്തി വന്നിരുന്നത്. ചികിത്സയുടെ ഭാഗമായി കോട്ടയം മെഡിക്കല്‍ കോളേജില്‍ കീമോ ചെയ്ത ശേഷം ഇന്നലെയാണ് ഉഷ വീട്ടില്‍ തിരിച്ചെത്തിയത്.

ഇന്ന് രാവിലെ മകള്‍ സ്‌കൂളിലേക്കും ഭര്‍ത്താവ് കൂലിവേലക്കുമായി പോയി. ഈ സമയം നോക്കിയായിരുന്നു മോഷ്ടാവ് വീടിനുള്ളില്‍ കയറിയത്. ചികിത്സയുടെ മയക്കത്തില്‍ നിന്ന് ഉഷ പൂര്‍ണ്ണമായി മുക്തയായിരുന്നില്ല. മോഷ്ടാവ് ആദ്യം വായില്‍ തുണിതിരുകിയതായും മറ്റൊരു തുണി ഉപയോഗിച്ച് തല മൂടുകയും കൈകള്‍ ബന്ധിക്കുകയും ചെയ്തതായി ഉഷ പറഞ്ഞു. പണം നല്‍കിയില്ലെങ്കില്‍ കൊലപ്പെടുത്തുമെന്ന് മോഷ്ടാവ് ഉഷയെ ഭീഷണിപ്പെടുത്തി. അലമാരയില്‍ നിന്നും തുണികളത്രയും പുറത്തേക്ക് വലിച്ചിട്ടെങ്കിലും പണം കണ്ടെത്താതെ വന്നതോടെ ഇയാള്‍ കൂടുതല്‍ പ്രകോപിതനായി. ഇതോടെ ഭയന്ന് പോയ ഉഷ കട്ടിലില്‍ കിടക്കുന്ന പേഴ്‌സില്‍ പണമുള്ളതായി മോഷ്ടാവിനോട് പറഞ്ഞു. ഇതിനിടെ വായിലെ തുണി എടുക്കാന്‍ ശ്രമിച്ച ഉഷയുടെ കാലുകള്‍ കൂടി മോഷ്ടാവ് ബന്ധിച്ചു.

പിന്നീട് പേഴ്‌സില്‍ സൂക്ഷിച്ചിരുന്ന 16500 രൂപയുമായി കള്ളന്‍ കടന്ന് കളഞ്ഞു. സമീപവാസിയായ മറ്റൊരാള്‍ പിന്നീട് വീട്ടിലെത്തിയ സമയത്താണ് കട്ടിലില്‍ കെട്ടിയിട്ടിരിക്കുന്ന ഉഷയെ കണ്ടത്. ഉഷയുടെ ചികിത്സക്കായി പൊതു ധനസമാഹരണത്തിലൂടെ ശേഖരിച്ച തുകയില്‍ ബാക്കിയുണ്ടായിരുന്ന തുകയാണ് മോഷ്ടാവ് കവര്‍ന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ അടിമാലി പോലീസ് സ്ഥലത്തെത്തി മൊഴി അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ്  ഉഷ വീട്ടില്‍ തനിച്ചുണ്ടായിരുന്ന സമയം മാസ്‌ക്ക് ധരിച്ച ഒരു യുവാവ് വീട്ടില്‍ എത്തുകയും ചികിത്സക്ക് സഹായിക്കാനെന്ന വ്യാജേന വീട്ടിലെ വിവരങ്ങളത്രയും ചോദിച്ചറിഞ്ഞിരുന്നതായും ഉഷ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!