അര്‍ബുധ രോഗബാധിതയായ വീട്ടമ്മയെ കെട്ടിയിട്ട് പണം കവര്‍ന്ന കേസില്‍ അന്വേഷണത്തിന് പ്രത്യേക സംഘം

അടിമാലി: അടിമാലിയില്‍ അര്‍ബുധ രോഗബാധിതയായ വീട്ടമ്മയെ കെട്ടിയിട്ട് പണം കവര്‍ന്ന കേസില്‍ അന്വേഷണത്തിന് പ്രത്യേക സംഘം. അന്വേഷണം കൂടുതല്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായിട്ടാണ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുള്ളത്. ഇടുക്കി ഡി വൈ എസ് പി യുടെ നേതൃത്വത്തില്‍ പത്തംഗസംഘം കേസന്വേഷിക്കും. കഴിഞ്ഞ വ്യാഴാഴിച്ച രാവിലെയായിരുന്നു അടിമാലി സ്വദേശി ഉഷ സന്തോഷിനെ വീട്ടില്‍ കെട്ടിയിട്ട് പണം കവര്‍ന്നത്.
ചികിത്സയുടെ ഭാഗമായി കീമോക്ക് ശേഷം വീട്ടില്‍ വിശ്രമിക്കുകയായിരുന്നു ഉഷ. വ്യാഴാഴിച്ച രാവിലെ ഉഷയുടെ ഭര്‍ത്താവും മകളും പുറത്തുപോയ ശേഷമായിരുന്നു അജ്ഞാതന്‍ വീട്ടിനുള്ളില്‍ കയറി ഉഷയെ കെട്ടിയിട്ട് 16500 രൂപ കവര്‍ന്നത്. ചികിത്സക്കായി സുമനസ്സുകള്‍ സമാഹരിച്ച തുകയാണ് മോഷണം പോയത്. പിന്നീട് അയല്‍വാസികളെത്തിയപ്പോഴാണ് സംഭവം പുറം ലോകമറിഞ്ഞത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. മോഷണ വിവരം പുറത്തറിഞ്ഞത് മുതല്‍ പൊതുസമൂഹത്തിലും വലിയ പ്രതിഷേധം രൂപം കൊണ്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് തുടരന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുള്ളത്.