കേസിന്റെ തെളിവെടുപ്പാണെന്ന് ആദ്യം കരുതി, പിന്നീടാണറിഞ്ഞത് പോലീസിന്റെ മാത്യകാ പ്രവര്‍ത്തനമെന്ന്; ഇത് വേറിട്ടൊരു കാട് വെട്ട്

അടിമാലി: നിയമപാലനമാണ് പോലീസിന്റെ പ്രധാന ചുമതല. എന്നാല്‍ വേണ്ടി വന്നാല്‍ പോലീസ് കാടും വെട്ടും. അടിമാലി കുമളി ദേശിയപാതയോരത്ത് പൊളിഞ്ഞ പാലത്തിന് സമീപം കാഴ്ച്ച മറക്കും വിധം കഴിഞ്ഞ കുറച്ച് നാളുകളായി പൊന്തക്കാട് വളര്‍ന്ന് നിന്നിരുന്നു. എതിര്‍ ദിശകളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ കാണാന്‍ കഴിയാത്ത വിധം കൊടും വളവിലടക്കം കാട് പന്തലിച്ചു. കാട് വെട്ടി നീക്കാനും അപകട സാധ്യത ഒഴിവാക്കാനും ആരും ഇതുവരെ തയ്യാറാകാതെ വന്നതോടെയാണ് അടിമാലി ട്രാഫിക് പോലീസ് യൂണിറ്റിലെ എസ് ഐ സിജു ജേക്കബ്, കോണ്‍സ്റ്റബിള്‍ അനീഷ് എസ് എന്നിവര്‍ തങ്ങളുടെ ഒഴിവു സമയത്ത് പാതയോരത്തെ പാന്തക്കാട് വെട്ടി നീക്കാന്‍ എത്തിയത്.
മുമ്പിതുവഴി സഞ്ചരിച്ചപ്പോഴൊക്കെയും കാട് വെട്ടി നീക്കണമെന്നിവര്‍ വിചാരിച്ചുവെങ്കിലും ആയുധം കൈയ്യില്‍ ഉണ്ടായിരുന്നില്ല. ഇന്ന് വാക്കത്തിയടക്കം സംഘടിപ്പിച്ച് പോലീസുദ്യോഗസ്ഥരെത്തി പാതയോരത്തെ കാട് വെട്ടി കാഴ്ച്ച സുഗമമാക്കി. രാവിലെ പോലീസ് വാഹനം പാതയോരത്ത് നിര്‍ത്തി വാക്കത്തിയുമായി പോലീസ് നടുറോഡിലിറങ്ങിയത് കണ്ട് പരിസരവാസികള്‍ അമ്പരന്നു. ഏതെങ്കിലും കേസന്വേഷണവുമായി ബന്ധപ്പെട്ട് തെളിവ് ശേഖരണത്തിന്റെ ഭാഗമായിട്ടാണോ രണ്ട് പോലീസുകാരുടെ കാട് വെട്ടെന്ന് ആദ്യം പരിസരവാസികളും ഇതുവഴി കടന്നു പോയവരും സംശയിച്ചു.
ഇതിന് സമീപത്തായാണ് ഒരു മോഷണക്കേസ് നടന്നത് എന്നതിനാല്‍ ആളുകളുടെ സംശയത്തിന് ആക്കം കൂടി. പിന്നീട് കാര്യമറിഞ്ഞതോടെ ചില ഓട്ടോറിക്ഷാ ഡ്രൈവര്‍മാരുള്‍പ്പെടെ കൈയ്യടിച്ച് ഒപ്പം ചേര്‍ന്നു. കാര്യമെന്തായാലും കാട് വെട്ടി കഴിഞ്ഞതോടെ കാഴ്ച്ച മറഞ്ഞുള്ള ഈ ഭാഗത്തെ അപകട സാധ്യത ഒഴിഞ്ഞു.