പാതയോരത്ത് വളര്‍ന്ന് നില്‍ക്കുന്ന പൊന്തക്കാട് വെട്ടി നീക്കാന്‍ നടപടി വേണം

അടിമാലി: കല്ലാര്‍കുട്ടി, വെള്ളത്തൂവല്‍, മുതുവാന്‍കുടി റോഡില്‍ പാതയോരത്ത് വളര്‍ന്ന് നില്‍ക്കുന്ന പൊന്തക്കാട് വെട്ടി നീക്കാന്‍ നടപടി വേണമെന്നാവശ്യം. കല്ലാര്‍കുട്ടി, വെള്ളത്തൂവല്‍, മുതുവാന്‍കുടി റോഡിന്റെ വശങ്ങളില്‍ പലയിടത്തും കഴിഞ്ഞ കുറച്ച് നാളുകളായി പൊന്തക്കാട് വളര്‍ന്ന് നില്‍ക്കുന്നുണ്ട്. മഴ പെയ്തതോടെ പൊന്തക്കാട് കൂടുതല്‍ വളര്‍ന്ന് പന്തല്ലിച്ചത് വാഹനയാത്രികരേയും കാല്‍നടയാത്രികരേയും ഒരേ പോലെ വലക്കുകയാണ്. വളവുകളില്‍ അടക്കം പൊന്തക്കാട് വളര്‍ന്നതോടെ വാഹനമോടിക്കുന്നവരുടെ കാഴ്ച്ച മറയുന്ന സ്ഥിതിയുണ്ട്. ഇത് അപകട സാധ്യത ഉയര്‍ത്തുന്നു.
കൃത്യമായി ഓടകളുടെ അഭാവത്താല്‍ ശക്തമായ മഴ വെള്ളപാച്ചില്‍ റോഡരിക് പലയിടത്തും ഇടിഞ്ഞ് പോയിട്ടുണ്ട്. ഇതും അപകട സാധ്യതയായി നിലനില്‍ക്കുന്നു. മൂന്നാറിലേക്കുള്ള വിനോദ സഞ്ചാരവാഹനങ്ങള്‍ അടക്കം കല്ലാര്‍കുട്ടി, വെള്ളത്തൂവല്‍, മുതുവാന്‍കുടി റോഡിലൂടെ കടന്നു പോകുന്നുണ്ട്. ചെങ്കുളം ബോട്ടിംഗ് സെന്ററിലേക്കും ഇതുവഴി യാത്ര ചെയ്യാം. സ്വകാര്യ ബസുകളും ഈ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്നു. വളര്‍ന്ന് നില്‍ക്കുന്ന പൊന്തക്കാട് വാഹനങ്ങളില്‍ ഇരിക്കുന്നവരുടെ മുഖത്തടിക്കുന്നത് പതിവ് സംഭവമാണ്. കാട് വളര്‍ന്ന് നില്‍ക്കുന്നതിനാല്‍ റോഡരികിലൂടെ നടന്നു പോകുന്ന കാര്യത്തിലും ബുദ്ധിമുട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പൊന്തക്കാടുകള്‍ വെട്ടി നീക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുള്ളത്.