FoodKeralaLatest NewsLocal news

ഭക്ഷ്യ കമ്മീഷന്‍ ഇടപെടല്‍: ഉടുമ്പന്‍ചോല ഗവ. ഹൈസ്‌കൂളിലെ യു.പി. വിഭാഗം കുട്ടികള്‍ക്ക് ഇനി സൗജന്യ ഉച്ചഭക്ഷണം

ഉടുമ്പന്‍ചോല ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ യു.പി വിഭാഗം കുട്ടികള്‍ക്കും ഉച്ചഭക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ഈ സ്‌കൂളിലെ യു.പി വിഭാഗം കുട്ടികളുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് സര്‍ക്കാര്‍ കരുതലായി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. സംസ്ഥാന ഭക്ഷ്യ കമ്മീഷന്റെ ഇടപെടലാണ് ഉത്തരവിന് വഴിതെളിച്ചത്.

പി.എം പോഷണ്‍ പദ്ധതിയുടെ മാര്‍ഗരേഖ പ്രകാരം അംഗീകാരം ലഭിച്ചിട്ടുള്ള സ്‌കൂളുകളിലെ കുട്ടികളെയാണ് സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്. എന്നാല്‍ ഈ സ്‌കൂളിലെ എല്‍.പി, ഹൈസ്‌കൂള്‍ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകാരമുണ്ടെന്ന വസ്തുതയും ഉടുമ്പന്‍ചോല മേഖലയിലെ സാധാരണക്കാരായ തമിഴ് തോട്ടം തൊഴിലാളികളുടെ മക്കളാണ് തമിഴ് യു.പി മീഡിയത്തില്‍ അധ്യയനം നടത്തുന്നതെന്ന സാഹചര്യവും കണക്കിലെടുത്ത് സ്പെഷ്യല്‍ കേസായി പരിഗണിച്ചാണ് അനുമതി.

ഉടുമ്പന്‍ചോല ഗവണ്‍മെന്റ് ഹൈസ്‌കൂളിനെ 2011-12 ല്‍ തമിഴ് ഹൈസ്‌കൂളായി ഉയര്‍ത്തിയെങ്കിലും യു.പി.വിഭാഗത്തിന് അനുമതി ഇല്ലായിരുന്നു. യു.പി ക്ലാസുകളില്‍ പഠിക്കാന്‍ കുട്ടികള്‍ക്ക് അവസരം ഇല്ലാതെവന്നപ്പോള്‍ കുട്ടികളുടെ പഠനാവസരം നഷ്ടപ്പെടാതിരിക്കാന്‍ വര്‍ഷങ്ങളായി സ്‌കൂള്‍ പി.ടി.എ.യുടെ നേതൃത്വത്തില്‍ തമിഴ് മീഡിയം യു.പി വിഭാഗം ക്ലാസുകള്‍ അംഗീകാരമില്ലാതെ പ്രവര്‍ത്തിച്ചുവരികയായിരുന്നു. അംഗീകാരമില്ലാത്തതിനാല്‍ യു.പി. വിഭാഗം കുട്ടികള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങളോ, സൗജന്യ ഉച്ചഭക്ഷണമോ ലഭ്യമല്ലായിരുന്നു.

2024-25 അധ്യയന വര്‍ഷത്തില്‍ 47 കുട്ടികള്‍ യു.പി വിഭാഗത്തില്‍ പഠിക്കുന്നതായും മേഖലയിലെ സാധാരണ ജനങ്ങളുടെ ജീവിതസാഹചര്യം കണക്കിലെടുത്ത് ഉടുമ്പന്‍ചോല ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ സര്‍ക്കാര്‍ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന യു.പി. വിഭാഗം കുട്ടികളെ കൂടി പി.എം. പോഷണ്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച വിഷയം സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. ജിനു സക്കറിയ ഉമ്മന്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!