
അടിമാലി: അടിമാലി ഇരുമ്പുപാലത്ത് വിനോദസഞ്ചാരിക്ക് തെരുവ് നായയുടെ കടിയേറ്റു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മൂന്നാറില്‍ ഉണ്ടായ തെരുവ് നായ ആക്രമണത്തിന് പിന്നാലെയാണ് അടിമാലി ഇരുമ്പുപാലത്തും വിനോദ സഞ്ചാരിക്ക് തെരുവ് നായയുടെ കടിയേറ്റത്. ഇരുമ്പുപാലത്ത് വഴിയോരത്ത് കടയില്‍ ചായ കുടിച്ച് കൊണ്ട് നില്‍ക്കവെ ഈ ഭാഗത്തുണ്ടായിരുന്ന ഒരു ആക്രമിക്കുകയായിരുന്നു. കാലടിയില്‍ നിന്നും മൂന്നാറിലേക്ക് വിനോദ സഞ്ചാരത്തിനെത്തിയ ഏഴംഗ സംഘത്തില്‍പ്പെട്ട ഒരാളെയാണ് തെരുവ് നായ ആക്രമിച്ചത്.
കാലിന് പരിക്കേറ്റ ഇയാള്‍ അടിമാലി താലൂക്കാശുപത്രിയില്‍ ചികിത്സ തേടി.ഇരുമ്പുപാലം മേഖലയില്‍ തെരുവ് നായ ശല്യം രൂക്ഷമാണെന്നും പരാതിയുണ്ട്. പ്രായമായവരും സ്ത്രീകളും കുട്ടികളുമൊക്കെ നായ്ക്കളെ ഭയന്ന് യാത്ര ചെയ്യേണ്ട സ്ഥിതിയുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് മൂന്നാറില്‍ പത്തിലധികം ആളുകള്‍ക്കാണ് തെരുവ് നായയുടെ കടിയേറ്റത്. അടിമാലി ടൗണില്‍ കഴിഞ്ഞ ദിവസം തെരുവ് നായ ഒരാളെ ആക്രമിക്കാന്‍ മുതിരുകയും ആളുകള്‍ ബഹളം ഉണ്ടാക്കിയതോടെ നായ പിന്‍മാറുകയും ചെയ്തു. മാങ്കുളത്ത് കഴിഞ്ഞ ദിവസം തെരുവ് നായ ഇരുചക്രവാഹനത്തിന് കുറുകെ ചാടി വാഹനം മറിഞ്ഞ് ബൈക്ക് യാത്രികന്റെ മുഖത്തിന് പരിക്ക് സംഭവിച്ചു.