KeralaLatest NewsLocal news

സീതയെ കാട്ടാന രണ്ട് തവണ ആക്രമിച്ചു; പത്തടിയോളം അകലെ ഞാനും തെറിച്ചുവീണു’; മൊഴിയിലുറച്ച് ഭർത്താവ് ബിനു

ഇടുക്കി പീരുമേട്ടിൽ വനത്തിനുള്ളിൽ ആദിവാസി സ്ത്രീ സീതയുടെ മരണത്തിൽ മൊഴിയിലുറച്ച് ഭർത്താവ് ബിനു. സീതയെ കാട്ടാന രണ്ട് തവണ ആക്രമിച്ചെന്ന് ബിനു പറയുന്നു. തന്നെയും പതിനഞ്ച് അടിയോളം ദൂരത്തേക്ക് തുമ്പിക്കൈ കൊണ്ട് തട്ടിയെറിഞ്ഞെന്നും ബിനുവിന്റെ പ്രതികരണം. തന്നെ കേസിൽ കുടുക്കാൻ മനഃപൂർവം ശ്രമിക്കുന്നു എന്ന വൈകാരിക പ്രതികരണവും ബിനു നടത്തി.

വനത്തില്‍ വിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ വഴിക്കാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ആന ചാടിവന്നാണ് സീതയെ അടിച്ച് തെറിപ്പിച്ചത്. നഷ്ടപരിഹാരമല്ല വേണ്ടതെന്നും തനിക്ക് നഷ്ടപ്പെട്ട ഭാര്യയെയാണ് വേണ്ടതെന്നും ബിനു പറയുന്നു. കാട്ടാന ആക്രമണം എങ്ങനെയാണ് ഉണ്ടായതെന്ന് വിശദീകരിച്ചാണ് ബിനു മൊഴിയിൽ ഉറച്ച് നിൽക്കുന്നത്.

ഒരു ചോല വനത്തോട് ചേര്‍ന്നാണ് ആന നിന്നിരുന്നത്. ഇത് ബിനുവോ സീതയോ കണ്ടിരുന്നില്ല. പെട്ടെന്ന് ആന പാഞ്ഞടുക്കുകയായിരുന്നു. ആദ്യം സീതയെ ആണ് ആക്രമിച്ചത്. ആദ്യം തട്ടിയിടുകയും പിന്നാലെ ചുറ്റിവരിഞ്ഞ് ദൂരത്തേക്ക് എറിയുകയുമായിരുന്നുവെന്നാണ് ബിനു പറയുന്നത്. സീതയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് തനിക്ക് കാട്ടാന ആക്രമണം നേരിട്ടതെന്ന് ബിനു വിശദീകരിക്കുന്നു.

മൂത്തമകനാണ് സീതയെ ആനയുടെ സമീപത്ത് നിന്ന് മാറ്റുന്നത്. ഇതിന് ശേഷം തലചുമടായി പുറത്തേക്ക് കൊണ്ടുവന്നു. പിന്നീട് ആംബുലന്‍സില്‍ പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് സീതയെ കൊണ്ടുപോയതെന്ന് ബിനു പറയുന്നു. ഇതേ മൊഴി തന്നെയാണ് മക്കളും പറയുന്നത്. മൊഴികളിൽ വൈരുധ്യമില്ലാത്തതാണ് പൊലീസിനെ വെട്ടിലാക്കുന്നത്.

അതേസമയം സീത കൊല്ലപ്പെട്ടത് വന്യജീവി ആക്രമണത്തിലല്ല എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ. സീത ക്രൂരമായ മർദനത്തിനിരയായിരുന്നു. കല്ല് കൊണ്ടുള്ള മർദനത്തിൽ തലയ്ക്കു സാരമായ പരുക്കേറ്റിട്ടിട്ടുണ്ട്. സീതയുടെ തല പാറയിൽ ഇടിച്ചതിന്റ പാടുകളും പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. സീതയുടെ മൂന്ന് വാരിയെല്ലുകളാണ് മർദനത്തിൽ ഒടിഞ്ഞതായി കണ്ടെത്തിയിട്ടുള്ളത്. ഇവ ശ്വാസ കോശത്തിൽ തുളഞ്ഞ് കയറുകയും ചെയ്തിരുന്നു. മർദിച്ച് അവശയാക്കിയ സീതയെ വലിച്ചിഴച്ചിരുന്നുവെന്നും കണ്ടെത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!