
അടിമാലി: കുരങ്ങാട്ടി സമഗ്ര കാര്‍ഷിക, ടൂറിസം പദ്ധതിയുടെ ഭാഗമായി കുരങ്ങാട്ടി തോടിന്റെ ആഴവും വീതിയും വര്‍ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ വേനല്‍ക്കാലം മുതല്‍ നടന്ന് വരുന്നതാണ്. കാലവര്‍ഷമെത്തി മഴ ശക്തിയാര്‍ജ്ജിച്ചതോടെ ഇത്തരത്തില്‍ തോടിന് ആഴവും വീതിയും വര്‍ധിപ്പിച്ച ചിലയിടങ്ങളില്‍ മണ്ണിടിച്ചില്‍ ഭീഷണി രൂപം കൊണ്ടിട്ടുള്ളതാണ് ആശങ്കക്ക് ഇടവരുത്തിയിട്ടുള്ളത്. തോടിന് വീതി വര്‍ധിപ്പിച്ചതിനരികില്‍ നിന്നും കൂടുതലായി മണ്ണിടിയുകയും മരങ്ങളടക്കം നിലംപതിക്കുകയും ചെയ്തിട്ടുണ്ട്.
ശക്തമായ മഴ തുടരുകയും തോട്ടില്‍ ജലനിരപ്പുയരുകയും ചെയ്താല്‍ കൂടുതലായി ഇവിടെ മണ്ണിടിയാനുള്ള സാധ്യത നിലനില്‍ക്കുന്നു. അങ്ങനെ സംഭവിച്ചാല്‍ തോടിന്റെ ഒഴുക്ക് തടസ്സപ്പെടുകയും സമീപത്തെ നെല്‍കൃഷിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഇടിഞ്ഞെത്തിയ മണ്ണും മരവും തോട്ടില്‍ നിന്ന് നീക്കം ചെയ്യുകയും തോട്ടിലേക്ക് നിലംപതിക്കാന്‍ സാധ്യതയുള്ള മരങ്ങള്‍ മുറിച്ച് നീക്കുകയും ചെയ്താല്‍ താല്‍ക്കാലികമായി ആശങ്കയൊഴിവാക്കാം.
തോട്ടിലേക്ക് മണ്ണിടിഞ്ഞ പ്രദേശത്ത് തുടര്‍ച്ചയായി മണ്ണിടിയാനുള്ള സാധ്യത ഒഴിവാക്കാന്‍ ഈ പ്രദേശത്ത് തോടിന് ഉയരത്തില്‍ സുരക്ഷാഭിത്തി നിര്‍മ്മിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.