
അടിമാലി: സി ഐ ടി യു തൊഴിലാളികള്‍ വെള്ളിയാഴ്ച്ച നടത്തിയ അടിമാലി ഗ്രാമപഞ്ചായത്തോഫീസ് മാര്‍ച്ചിനിടെ അടിമാലി പോലീസ് സ്റ്റേഷന് ഹൗസ് ഓഫീസര്‍ ഗ്രാമപഞ്ചായത്തംഗത്തിനെതിരെ അതിക്രമം നടത്തിയതായി പരാതി.വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്നലെ സി ഐ ടി യു അടിമാലി പഞ്ചായത്തോഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെ അടിമാലി പോലീസ് സ്റ്റേഷന് ഹൗസ് ഓഫീസര്‍ പഞ്ചായത്തംഗവും ആദിവാസി വിഭാഗക്കാരനുമായ എം എസ് ചന്ദ്രനെതിരെ അതിക്രമം നടത്തിയെന്നാണ് പരാതി.

പ്രതിഷേധക്കാരെ പോലീസ് ഇന്നലെ പഞ്ചായത്തോഫീസ് കവാടത്തില്‍ ഗെയിറ്റടച്ച് തടഞ്ഞിരുന്നു. തുടര്‍ന്ന് പ്രതിഷേധക്കാരും പോലീസുമായി ഉണ്ടായ വാക്ക് തര്‍ക്കത്തിനിടെ അടിമാലി സി ഐ എം എസ് ചന്ദ്രനോട് അപമര്യാദയായി പെരുമാറിയെന്നും അതിക്രമം നടത്തിയെന്നുമാണ് പരാതി. അതിക്രമത്തില്‍ പരിക്കേറ്റെന്നാരോപിച്ച് എം എസ് ചന്ദ്രന് അടിമാലി താലൂക്കാശുപത്രിയില്‍ ചികിത്സ തേടി.ആദിവാസി വിഭാഗക്കാരനായ തന്നെ പോലീസ് പൊതുജന മധ്യത്തില്‍ ആക്ഷേപിച്ചതായും ഇത് തനിക്ക് ശാരീരികമായും മാനസികമായും ബുദ്ധിമുട്ടുണ്ടാക്കിയതായും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എം എസ് ചന്ദ്രന് പറയുന്നു.
ഇന്നലെ ഒമ്പതാം വാര്‍ഡിന്റെ ഗ്രാമസഭ അടിമാലി ഗ്രാമപഞ്ചായത്ത് ഹാളില്‍ ക്രമീകരിച്ചിരുന്നതായും ഗെയിറ്റടച്ച് സമരം തടഞ്ഞ പോലീസ് നടപടിയിലൂടെ ആദിവാസി വിഭാഗക്കാരായ തന്റെ വാര്‍ഡിലെ ആളുകള്‍ക്ക് ഗ്രാമസഭയില്‍ പങ്കെടുക്കുന്നതില്‍ പ്രയാസം നേരിട്ടതായും ഗ്രാമപഞ്ചായത്തംഗം പറഞ്ഞു. തനിക്കെതിരെ അതിക്രമം നടത്തിയ അടിമാലി സി ഐക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് എം എസ് ചന്ദ്രന്റെ ആവശ്യം. ചികിത്സയില്‍ കഴിയുന്ന എം എസ് ചന്ദ്രന്റെ മൊഴി പോലീസ് രേഖപ്പെടുത്തി