മൂന്നാർ വട്ടവട റോഡിൽ ടോപ്പ് സ്റ്റേഷൻ മുതൽ പാമ്പാടും ചോല ചെക്ക് പോസ്റ്റ് വരെയുള്ള യാത്ര ജനങ്ങളുടെ നടുവൊടിക്കുന്നു

മൂന്നാർ : ദിവസവും വട്ടവട മേഖലയിലെ ആളുകളും വട്ടവട, ടോപ്പ് സ്റ്റേഷൻ മേഖലകളിലേക്കെത്തുന്ന നൂറുകണക്കിന് സഞ്ചാരികളും യാത്ര ചെയ്യുന്ന റോഡാണ് മൂന്നാർ വട്ടവട റോഡ്. ഇതിൽ ടോപ്പ് സ്റ്റേഷൻ മുതൽ പാമ്പാടുംചോല ചെക്ക് പോസ്റ്റ് വരെയുള്ള ഭാഗത്തെ 8 കിലോമീറ്ററോളം റോഡാണ് വലിയ തോതിൽ തകർന്ന് കുണ്ടും കുഴിയുമായി തീർന്നിട്ടുള്ളത്.മഴ പെയ്യുക കൂടി ചെയ്തതോടെ രൂപം കൊണ്ടിട്ടുള്ള കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്ന സ്ഥിതിയുണ്ട്. ചില കുഴികൾ വലിയ കുളത്തിന് സമാനമാണ്. റോഡ് ഈ നിലയിൽ തകർന്നതോടെ ഇതുവഴി യാത്ര ചെയ്യുന്നവർ വലിയ ക്ലേശം അനുഭവിക്കുന്നു. തമിഴ്നാടിൻ്റെ നിയന്ത്രണത്തിൽ വരുന്ന പ്രദേശമാണിവിടം. കാലങ്ങളായി വേണ്ടവിധം അറ്റകുറ്റപ്പണികൾ നടക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ആക്ഷേപം. ഇപ്പോൾ രൂപം കൊണ്ടിട്ടുള്ള കുഴികൾ താൽക്കാലികമായി അടക്കുകയും മഴ മാറുന്ന മുറക്ക് റോഡിൻ്റെ ടാറിംഗ് ജോലികൾ നടത്തുകയും വേണമെന്നാണ് ആവശ്യം.
സഞ്ചരിക്കാൻ കഴിയാത്തവിധം റോഡിൽ കുഴികൾ രൂപം കൊണ്ടത് ഇരുചക്രവാഹന യാത്രികരേയും മറ്റ് ചെറുവാഹനയാത്രികരേയുമാണ് ഏറെ വലക്കുന്നത്. കുഴികളിൽ ചാടി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് പതിവാണ്. വെള്ളക്കെട്ടിൽ ഇറങ്ങുമ്പോൾ ഇരുചക്രവാഹന യാത്രികർ അപകടത്തിൽപ്പെടുന്നതും ആവർത്തിക്കുന്നു. സഞ്ചാരികളുടെ തിരക്കേറുന്നതോടെ ഗതാഗതകുരുക്കും രൂക്ഷമാകും. ഈ സാഹചര്യങ്ങളൊക്കെയും കണക്കിലെടുത്ത് റോഡ് യാത്രാ യോഗ്യമാക്കാൻ ഇടപെടൽ ഉണ്ടാകണമെന്നാണ് ആവശ്യം.