
അടിമാലി: കേന്ദ്രടൂറിസം മന്ത്രാലയവും സ്വച്ഛ് ഭാരത് മിഷനും ഗ്രാമീണമേഖലകളില്‍ മികച്ച ആതിഥേയ സേവനം ലഭ്യമാക്കുന്ന ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ഹോം സ്റ്റേകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള സ്വച്ഛ്താ ഗ്രീന്‍ ലീഫ് റേറ്റിംഗ് ജില്ലയിലെ 41 സ്ഥാപനങ്ങള്‍ക്ക് ലഭിച്ചു. 74 ആതിഥേയ സ്ഥാപനങ്ങളാണ് ജില്ലയില്‍ ഗ്രീന്‍ ലീഫ് റേറ്റിംഗിന് വിധേയമായത്. ഇതില്‍ എട്ട് സ്ഥാപനങ്ങള്‍ക്ക് അഞ്ച് ലീഫും, 18 സ്ഥാപനങ്ങള്‍ക്ക് മൂന്ന് ലീഫും 15 സ്ഥാപനങ്ങള്‍ക്ക് ഒരു ലീഫും റേറ്റിംഗ് കരസ്ഥമാക്കി.
ശുചിത്വമിഷനാണ് ഗ്രീന്‍ ലീഫ് റേറ്റിംഗ് പ്രവര്‍ത്തങ്ങള്‍ ഏകോപിപ്പിക്കുന്നത്. സ്വച്ഛ്താ ഗ്രീന്‍ലീഫ് റേറ്റിംഗ് പ്രക്രിയ കൂടുതല്‍ സുതാര്യമാക്കുന്നതിന് കേരളം തയ്യാറാക്കിയ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി സെല്‍ഫ് അസസ്മെന്റ് പൂര്‍ത്തീകരിച്ച അഞ്ച് ബെഡുകളോ അതിനു മുകളിലോ സംവിധാനങ്ങളുള്ള സ്ഥാപനങ്ങളാണ് ആദ്യഘട്ടത്തില്‍ ഗ്രീന്‍ ലീഫ് റേറ്റിംഗിന് വിധേയമായത്. നിലവിലെ നിയമങ്ങള്‍ അനുശാസിക്കുന്ന പ്രകാരമുള്ള ഖര ദ്രവ മാലിന്യ ശാസ്ത്രീയ സംസ്‌കരണ സംവിധാനങ്ങളുടെ സ്ഥിതി,അജൈവമാലിന്യങ്ങളുടെ ശാസ്ത്രീയ സംസ്‌കരണത്തിനുള്ള സംവിധാനങ്ങള്‍ ഒരുക്കലോ യൂസര്‍ ഫീ നല്‍കി ഹരിത കര്‍മ്മ സേനക്ക് കൈമാറലോ തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് ഗ്രീന്‍ലീഫ് റേറ്റിംഗ്. ശാസ്ത്രീയ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളിലെ മികവിന്റെ അടിസ്ഥാനത്തില്‍ 1 ലീഫ്, 3 ലീഫ്, 5 ലീഫ് എന്നിങ്ങനെ മൂന്ന് തരത്തിലാണ് ലീഫ് റേറ്റിംഗ്.
ഒന്നില്‍ താഴെ ലീഫ് ലഭിച്ച സ്ഥാപനങ്ങള്‍ക്കു പോരായ്മകള്‍ പരിഹരിച്ചു വീണ്ടും റേറ്റിംഗിന്റെ ഭാഗമാവുന്നതിന് അവസരമുണ്ട്. സ്റ്റാര്‍ പദവി നേടുന്നതിനുള്ള മാനദണ്ഡങ്ങളായ ആഡംബര സംവിധാനങ്ങള്‍ക്കും സൗകര്യങ്ങള്‍ക്കുമൊപ്പം ശാസ്ത്രീയ ശുചിത്വമാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ കൂടി ഉറപ്പു വരുത്തി അതിഥികളോടും സമൂഹത്തോടുമുള്ള പ്രതിബദ്ധത ഉയര്‍ത്തിക്കാട്ടാനുള്ള വേദി കൂടിയാണ് സ്വച്ഛ്താ ഗ്രീന്‍ ലീഫ് റേറ്റിംഗ്.
മറയൂര്‍ ചന്ദന റോയല്‍ റിസോര്‍ട്ടില്‍ സംഘടിപ്പിച്ച കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ്സ് അസോസിയേഷന്റെ ദ്വിദിന ക്യാമ്പില്‍ വച്ച് അഞ്ച് ലീഫ് റേറ്റിംഗ് നേടിയ സ്ഥാപനങ്ങള്‍ക്കുള്ള ഗ്രീന്‍ ലീഫ് സര്‍ട്ടിഫിക്കറ്റുകള്‍ എ.രാജ എം.എല്‍.എ, ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി എന്നിവര്‍ വിതരണം ചെയ്തു.ജില്ലാ ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ ഭാഗ്യരാജ് കെ.ആര്‍, മറ്റ് വകുപ്പ് ഉദ്യോഗസ്ഥര്‍, കെ.എച്ച്.ആര്‍.എ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.