
മൂന്നാര്‍: ഓരോ മനുഷ്യരും വ്യത്യസ്ഥരാണ്. ഓരോരുത്തര്‍ക്കും ഓരോ ഇഷ്ടങ്ങളുണ്ടാകും. വലിയ സ്വപ്നങ്ങളില്ലാത്ത തനിച്ചുള്ള യാത്രയില്‍ ഓരാളെമാത്രം ആരാധനോയടെ മനസ്സില്‍ കൊണ്ട് നടക്കുന്ന ഓരാളുണ്ട് മൂന്നാറില്‍ പേര് തോമസ്. എം ജി ആറിന്റെ കടുത്ത ആരാധകനായ ഇദ്ദേഹത്തിന് എം ജി ആര്‍ അഭിനയിച്ച മുഴുവന്‍ സിനിമകളുടേയും പേരുകളും മനപ്പാഠമാണ്.
തോമസ് എന്ന പേരല്ലാതെ മറ്റൊന്നും സ്വന്തമായിട്ടില്ല. താമസം മൂന്നാറിന്റെ തെരുവോരങ്ങളില്‍. സ്വദേശം എവിടെയെന്ന് ചോദിച്ചാല്‍ താന്‍ മൂന്നാറുകാരനാണെന്ന് മാത്രം പറയും. ഒറ്റക്കുള്ള ഈ യാത്രയില്‍ തോമസിന് ഒപ്പമുള്ളത് എം ജി ആര്‍ എന്ന വലിയ നടന്റെ നിറമുള്ള ഓര്‍മ്മകളാണ്. അദ്ദേഹത്തെ കുറിച്ച് ചോദിച്ചാല്‍ തോമസ് വാചാലനാകും. ആരാധന എത്രത്തോളമെന്ന് ആ കണ്ണുകളിലെ തിളക്കത്തില്‍ നിന്ന് വായിച്ചെടുക്കാം. എം ജി ആര്‍ സിനിമകളുടെ പേരുകള്‍ ഓരോ കാലഘട്ടമനുസരിച്ച് ക്രമത്തില്‍ എഴുതി കാണിക്കും.
മൂന്നാറിന്റെ തെരുവോരങ്ങളില്‍ ഒറ്റക്കിരിക്കുമ്പോള്‍ തോമസ് പാടും എം ജി ആര്‍ സിനിമകളിലെ ഗാനങ്ങള്‍. മൂന്നാറുകാര്‍ക്ക് തോമസ് സുപരിചിതനാണ്. ആര്‍ക്കും അഭിപ്രായ വ്യത്യാസങ്ങളില്ലാത്ത മനുഷ്യന്‍. ചുരുക്കി പറഞ്ഞാല്‍ എം ജി ആറിന്റെ ഓര്‍മ്മകള്‍ മാത്രമല്ല മൂന്നാറും തോമസിന്റെ സ്വന്തമാണ്.